കല്‍പ്പറ്റ: തലശേരിയില്‍ നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് മീറ്റില്‍ മിന്നും പ്രകടനവുമായി ആശാവര്‍ക്കര്‍.
ബത്തേരി നഗരസഭയിലെ പഴുപ്പത്തൂരില്‍ ആശാവര്‍ക്കറായി സേവനം ചെയ്യുന്ന ജയ രാജേന്ദ്രനാണ് മാസ്റ്റേഴ്സ് മീറ്റില്‍ തിളങ്ങിയത്. മീറ്റില്‍ വനിതകളുടെ 55-60 വയസ് വിഭാഗത്തില്‍ മത്സരിച്ച ജയ 800, 1500 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടി. അവര്‍ അംഗമായ ടീമാണ് 4ഃ 100 മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മീറ്റില്‍ മൂന്നു മെഡല്‍ സ്വന്തമാക്കിയ ജയ വയനാടിന് അഭിമാനമായി.
പഴുപ്പത്തൂര്‍ ചപ്പക്കൊല്ലി കുന്നത്തുപുര രാജേന്ദ്രന്റെ ഭാര്യയാണ് 55 കാരിയായ ജയ. മായ കെ. രാജേന്ദ്രന്, അമയ കെ. രാജേന്ദ്രന് എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
സ്പോര്‍ട്സില്‍ നൈസര്‍ഗിക വാസനയുള്ള ജയ മീനങ്ങാടി ഗവ. ഹൈസ്കൂളിലെ വിദ്യാഭ്യാസ കാലത്ത് കായികമേളകളില്‍ സജീവമായിരുന്നു. ഹ്രസ്വ ദൂര ഓട്ടങ്ങളിലും ലോംഗ് ജമ്പിലും മറ്റുമാണ് പങ്കെടുത്തിരുന്നത്. കഴിഞ്ഞവര്‍ഷം മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ജില്ലാ മാസ്റ്റേഴ്സ് മീറ്റില്‍ ജയ 100, 200 മീറ്റര്‍ ഓട്ടത്തിലും ലോംഗ് ജമ്പിലും ഒന്നാം സ്ഥാനം നേടിയിരുന്നു. പിന്നീട് ദീര്‍ഘദൂര ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ കല്‍പ്പറ്റ മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ മാസ്റ്റേഴ്സ് മീറ്റില്‍ 800, 1500 മീറ്റര്‍ ഓട്ടത്തിലും ലോംഗ് ജമ്പിലും ഒന്നാമതെത്തി. ഇതാണ് സംസ്ഥാന മീറ്റിലേക്ക് വഴി തുറന്നത്.
മീനങ്ങാടിലെ മിറാക്കിള്‍ കുടുംബശ്രീ ക്രിക്കറ്റ് ടീം അംഗവുമാണ് ജയ. ടീമിലെ ബോളറാണ് അവര്‍. കഴിഞ്ഞവര്‍ഷം ബത്തേരിയില്‍ അത്ലറ്റ് എന്ന നിലയില്‍ ഒളിമ്പ്യന്‍ പി.ടി. ഉഷയുടെയും പിന്നീട് മീനങ്ങാടിയില്‍ ക്രിക്കറ്റ് താരം എന്ന നിലയില്‍ പ്രിയങ്ക ഗാന്ധി എംപിയുടെയും അഭിനന്ദനം ജയ ഏറ്റുവാങ്ങിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും പ്രോത്സാഹനമാണ് കായികമികവ് ഉരച്ചുമിനുക്കാനും മാസ്റ്റേഴ്സ് മീറ്റുകളില്‍ മാറ്റുരയ്ക്കാനും സഹായകമാകുന്നതെന്ന് ജയ പറയുന്നു. സാധ്യമാകുന്നിടത്തോളം കായികരംഗത്ത് തുടരാനാണ് അവരുടെ തീരുമാനം.