റാഞ്ചി: ജാർഖണ്ഡിലെ രാംഗഢ് ജില്ലയിൽ സ്റ്റീൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. എൻജിനീയർമാരായ സഞ്ജീവ് കുമാർ കേസരി (50), വിനീത് മഹാതോ (25), അഭിഷേക് പാണ്ഡെ (24) എന്നിവരാണ് മരിച്ചത്. തരുൺ രാജ്വാർ എന്ന ജീവനക്കാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
പവർ പ്ലാന്റ് സിസ്റ്റത്തിലെ താപനില അമിതമായി ഉയർന്നതിനെ തുടർന്ന് ഉണ്ടായ സാങ്കേതിക തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും, കൃത്യമായ കാരണം വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു.