നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ പൊക്കോട് വനമേഖലയിലെ കാട്ടാനകളെ പന്തീരായിരം ഉൾവനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ ദൗത്യം 10 ദിവസം പിന്നിട്ടിട്ടും ഫലം കണ്ടില്ല. ദൗത്യം ഒരു മാസം വരെ തുടരാനും ആനകൾ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്ന വൈലാശേരി വനാതിർത്തിയിൽ അടിയന്തരമായി സോളാർ വൈദ്യുത വേലി സ്ഥാപിക്കാനും വനംവകുപ്പ് തീരുമാനിച്ചു. ഇതിനായുള്ള എസ്റ്റിമേറ്റ് തയാറാക്കി വരികയാണ്.
കാഞ്ഞിരപ്പുഴ വനം സ്റ്റേഷൻ പരിധിയിലെ ചാത്തുംപുറായി 2018 തേക്ക് പ്ലാന്റേഷനിൽ പകൽ സമയത്ത് തമ്പടിക്കുന്ന കാട്ടാനകൾ രാത്രികാലങ്ങളിൽ വനപാലകരെ വെട്ടിച്ച് വൈലാശേരി ഭാഗത്തുകൂടിയാണ് പൊക്കോട് മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത്. ആനകളെ കണ്ടെത്താൻ വയനാട്ടിൽനിന്ന് ഡ്രോൺ എത്തിച്ച് നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പറക്കുന്നതിനിടെ പക്ഷിയിടിച്ച് തകർന്ന ഡ്രോൺ കാട്ടാനയ്ക്ക് മുന്നിലാണ് വീണത്. വയനാട്ടിൽനിന്നുള്ള സംഘം ഡ്രോണുമായി അടുത്ത ദിവസം വീണ്ടും തിരച്ചിൽ പുനരാരംഭിക്കും.
നിലമ്പൂർ നോർത്ത് ഡിഎഫ്ഒ കെ.കെ. സുനിൽ കുമാറിന്റെ നിർദേശപ്രകാരം ചാത്തുംപുറായി ഭാഗത്ത് കാഞ്ഞിരപ്പുഴ വനം സ്റ്റേഷനിലെ ജീവനക്കാരും പൊക്കോട് വനമേഖലയിൽ അകമ്പാടം വനം സ്റ്റേഷനിലെ വനപാലകരും തിെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ 12-നാണ് ഡിഎഫ്ഒ കെ.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഒന്നാം ഘട്ട സ്പെഷ്യൽ ഡ്രൈവ് തുടങ്ങിയത്.
എന്നാൽ 10 ദിവസം പിന്നിട്ടിട്ടും ദൗത്യം വിജയിക്കാത്തതും ആനകൾ പതിവുപോലെ കൃഷി നശിപ്പിച്ച് മടങ്ങുന്നതും വനംവകുപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
രാവും പകലും വ്യത്യാസമില്ലാതെ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന വനപാലകർ കടുത്ത ക്ഷീണത്തിലാണ്. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ദൗത്യത്തിനായി കൂടുതൽ വനപാലകരെ നിയമിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.