ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആ ഭീകരാക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഇന്നും ആ മുറിവുകൾ ഉണങ്ങിയിട്ടില്ല. ""ഓരോ നിമിഷവും ആ ഓർമകൾ എന്റെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്, ഇത്രയും കാലം കഴിഞ്ഞിട്ടും അത് എന്നെ ശ്വാസം മുട്ടിക്കുന്നു...’’വിതുമ്പലോടെ ടോം റെസ്റ്റ ഓർത്തെടുക്കുന്നു.
ആ ദുരന്തദിനത്തിൽ ടോമിനു നഷ്ടമായത് ജ്യേഷ്ഠൻ ജോണിനെയും അദ്ദേഹത്തിന്റെ ഏഴു മാസം ഗർഭിണിയായ ഭാര്യ സിൽവിയയെയുമാണ്. വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കൻ ടവറിലെ 92-ാം നിലയിൽ ജോലി ചെയ്യുകയായിരുന്ന ഈ ദമ്പതികൾക്ക്, ജനിക്കാനിരിക്കുന്ന കുഞ്ഞിനായി കണ്ട സ്വപ്നങ്ങളോടൊപ്പം ജീവൻ വെടിയേണ്ടിവന്നു.
അമേരിക്കൻ മണ്ണിൽ നടന്ന ഏറ്റവും വലിയ കുറ്റകൃത്യമെന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പടെയുള്ള പ്രതികളുടെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. കഴിഞ്ഞ 20 വർഷമായി ഗ്വാണ്ടനാമോ ബേയിലെ സൈനിക തടവറയിൽ കഴിയുന്ന പ്രതികളുടെ ശിക്ഷ നീണ്ടുപോകുന്നത് ഇരകളുടെ കുടുംബങ്ങളിൽ വലിയ നിരാശയാണു സൃഷ്ടിക്കുന്നത്.
നിയമനടപടികൾ നീണ്ടുപോകുന്നതിനാൽ, അർഹിച്ച നീതി കാണാതെ തങ്ങളുടെ പ്രായമായ മാതാപിതാക്കളും ബന്ധുക്കളും കണ്ണടയ്ക്കുമോയെന്ന ഭയത്തിലാണ് ടോം റെസ്റ്റയെപ്പോലുള്ളവർ.