പുരാതന മനുഷ്യരുടെ അവിശ്വസനീയ നിർമിതി 'സ്റ്റോൺഹെഞ്ച്', ഇപ്പോഴം ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു! ബ്രിട്ടനിലെ പുരാനിർമിതി കാണാൻ ലക്ഷങ്ങളാണ് ഓരോ വർഷവും എത്തുന്നത്. 'സ്റ്റോൺഹെഞ്ചി'ലെ ആറു ടൺ ഭാരമുള്ള പീഠക്കല്ലിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പുതിയ പഠനമാണ് ഏവരെയും അദ്ഭുതപ്പെടുത്തിയത്!
വടക്കുകിഴക്കൻ സ്കോട്ട്ലൻഡിൽനിന്നു പീഠക്കല്ല് എത്തിച്ചുവെന്നാണ് 2024-ലെ കണ്ടെത്തൽ. എന്നാൽ, പുതിയ ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ ഈ കണ്ടെത്തൽ തള്ളിയിരിക്കുകയാണു ഗവേഷകർ. അതോടെ, അന്വേഷണം വീണ്ടും നടുക്കടലിലായി! സ്കോട്ട്ലൻഡിലെ ഒർക്കേഡിയൻ ബേസിനിൽനിന്നു ശേഖരിച്ച സാമ്പിളുകൾക്കു കല്ലിന്റെ ഘടനയുമായി ബന്ധമില്ലത്രെ! എഴുപതിലേറെ പാറ സാമ്പികളാണു ഗവേഷണാവശ്യങ്ങൾക്കായി ശേഖരിച്ചത്. പീഠക്കല്ലുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നതിൽ സമഗ്രമായ പഠനമാണിത്. കൂടുതൽ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പുതിയ കണ്ടെത്തലുകൾ വഴിതെളിച്ചിരിക്കുകയാണെന്നു ഗവേഷകസംഘം പറഞ്ഞു.