ശക്തമായ 'ബൊയെലോ' കൊടുങ്കാറ്റിൽപ്പെട്ട് ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടമായി റൺവേയിൽ നിന്ന് പുറത്തേക്ക് തെന്നിമാറിയ ബ്രിട്ടീഷ് വിമാനം അപകടത്തിൽപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇറ്റലിയിലെ വെനീസിൽ നിന്ന് യുകെയിലെ ബിർമിംഗ്ഹാമിലേക്ക് പറന്ന ജെറ്റ്2 എയർലൈൻസിന്റെ വിമാനമാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ബിർമിംഗ്ഹാം വിമാനത്താവളത്തിൽ വെച്ച് അപകടസാഹചര്യത്തെ അഭിമുഖീകരിച്ചത്.
ലാൻഡിംഗ് സമയത്ത് വീശിയടിച്ച ശക്തമായ കാറ്റിൽ വിമാനം വേഗത കുറയ്ക്കുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം തളർന്ന് തൊട്ടടുത്തുള്ള പുല്ലിലേക്ക് കയറുകയായിരുന്നു. എന്നാൽ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ വിമാനത്തിന്റെ നിയന്ത്രണം തിരികെ പിടിച്ച് നിമിഷങ്ങൾക്കകം വീണ്ടും റൺവേയിലേക്ക് തന്നെ തിരിച്ചെത്തിക്കാനായി.
റൺവേയിലേക്ക് തിരിച്ചെത്തിയ വിമാനം പിന്നീട് സാധാരണ നിലയിൽ പാർക്കിംഗ് സ്റ്റാൻഡിലേക്ക് നീങ്ങുകയും യാത്രക്കാരെല്ലാവരും തന്നെ യാതൊരു പരിക്കും കൂടാതെ സുരക്ഷിതമായി പുറത്തിറങ്ങുകയും ചെയ്തു.
അതിരൂക്ഷമായ കാലാവസ്ഥയാണ് ഈ അപ്രതീക്ഷിത സംഭവത്തിന് വഴിവെച്ചതെന്ന് എയർലൈൻ അധികൃതർ സ്ഥിരീകരിച്ചു. കൊടുങ്കാറ്റിൽ വിമാനം പുല്ലിലേക്ക് വഴുതിമാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വാരാന്ത്യത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ബൊയെലോ കൊടുങ്കാറ്റ് വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡ്, വടക്കൻ ഇംഗ്ലണ്ട് തുടങ്ങി ബിർമിംഗ്ഹാം ഉൾപ്പെടുന്ന വെസ്റ്റ് മിഡ്ലാന്റ്സ് വരെയുള്ള മേഖലകളിൽ വ്യോമഗതാഗതമുൾപ്പെടെ വൻ ഗതാഗത തടസങ്ങളാണ് സൃഷ്ടിച്ചത്.