തൃശൂർ: അയ്യന്തോൾ സിവിൽ സ്റ്റേഷൻ പരിസരവാസികളുടെയും യാത്രക്കാരുടെയും ഉറക്കം കെടുത്തിയിരുന്ന തെരുവു കന്നുകാലിശല്യത്തിന് ഒടുവിൽ പരിഹാരം. റോഡിലിറങ്ങി ഗതാഗതതടസവും അപകടങ്ങളും സൃഷ്ടിച്ചിരുന്ന കന്നുകാലികളെ പ്രത്യേക ദൗത്യത്തിലൂടെ പിടിച്ചുകെട്ടി താൽക്കാലിക കാറ്റിൽ പോണ്ടിലേക്കു മാറ്റി. ഡെപ്യൂട്ടി മേയർ എ. പ്രസാദിന്റെ നേതൃത്വത്തിൽ കോർപറേഷൻ ആരോഗ്യവിഭാഗവും വെറ്ററിനറി ടീമും ചേർന്നാണ് ഈ നീക്കം നടത്തിയത്.
നിലവിൽ ഒരു സ്വകാര്യവ്യക്തിയുടെ സഹകരണത്തോടെ കളക്ടറേറ്റിനു മുൻവശത്ത് താൽക്കാലികമായി കാറ്റിൽപോണ്ട് സജ്ജീകരിച്ചശേഷമായിരുന്നു ദൗത്യം. ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കി അയ്യന്തോളിലെ കന്നുകാലിശല്യത്തിനു ശാശ്വത പരിഹാരം കാണാമെന്നാണു കോർപറേഷന്റെ പ്രതീക്ഷ. ദൗത്യത്തിനു നേതൃത്വം നൽകിയ വെറ്ററിനറി ഡോക്ടർ വീണ, ഹെൽത്ത് ഇൻസ്പെക്ടർമാർ, കോർപറേഷനിലെ ശുചീകരണത്തൊഴിലാളികൾ, ഈസ്റ്റ് പോലീസ് എന്നിവരുടെ സേവനത്തെ ഡെപ്യൂട്ടി മേയർ അഭിനന്ദിച