National
ലക്നോ: ഉത്തർപ്രദേശിലെ സ്കൂളിൽ പ്രധാനാധ്യാപകൻ കത്തിയുമായി എത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തെരുവുനായ്ക്കളിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കാനാണ് ആയുധങ്ങൾ കരുതിയതെന്നാണ് അധ്യാപികയുടെ വിശദീകരണം. പ്രദേശത്തെ തെരുവുനായ ശല്യത്തെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് അധ്യാപിക ആരോപിക്കുന്നു. ആക്രമിക്കാൻ വരുന്ന നായ്ക്കളെ തുരത്താൻ മാത്രമാണ് കത്തി കൊണ്ടുവന്നതെന്നും, ആരെയും ഉപദ്രവിക്കാനല്ല ഇതെന്നും അവർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കുന്നതിനൊപ്പം, സ്കൂളുകളിലെ തെരുവുനായ ശല്യം പരിഹരിക്കാൻ മറ്റ് മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
Viral
വേദന സഹിക്കവയ്യാതെ ഒരു മിണ്ടാപ്രാണി സ്വയം ചികിത്സ തേടി ആശുപത്രിയിലെത്തിയ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് ബ്രസീലിലെ ജുവാസീറോ ഡോ നോർട്ടെയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കാലിന് ഗുരുതരമായി പരിക്കേറ്റ ഒരു തെരുവ് നായ യാതൊരു പേടിയും കൂടാതെ നഗരത്തിലെ ഒരു മൃഗാശുപത്രിയിലേക്ക് നടന്നു കയറുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ സംഭവം അത്ഭുതപ്പെടുത്തുന്നതാണ്. ആശുപത്രിയിലെത്തിയ നായ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്റെ പരിക്കേറ്റ കാൽ ഉയർത്തിക്കാട്ടി സഹായം അഭ്യർഥിച്ചു.
ആദ്യകാഴ്ചയിൽ ചെറിയൊരു പരിക്കാണെന്ന് ജീവനക്കാർ കരുതിയെങ്കിലും വിശദമായ പരിശോധനയിലാണ് നായയുടെ കാലിൽ മാരകമായ കാൻസർ ട്യൂമർ ബാധിച്ചതാണെന്ന നടുക്കുന്ന വിവരം പുറത്തുവരുന്നത്.
ശരിയായ പരിചരണമില്ലാതെ തെരുവിൽ കഴിഞ്ഞിരുന്ന ആ ജീവന് അടിയന്തര ചികിത്സ അത്യാവശ്യമായിരുന്നു. സാധാരണഗതിയിൽ തെരുവ് നായ്ക്കൾക്ക് അപ്രാപ്യമായ കീമോതെറാപ്പി ഉൾപ്പെടെയുള്ള സങ്കീർണ്മായ ചികിത്സാ നടപടികൾ ക്ലിനിക്കിലെ ഡോക്ടർമാർ യാതൊരു മടിയും കൂടാതെ ആരംഭിച്ചു.
മൃഗങ്ങളുടെ തീക്ഷ്ണമായ സഹജവാസനയാണ് തന്നെ സുരക്ഷിതമായ ഒരിടത്തേക്ക് നയിച്ചതെന്ന് തെളിയിക്കുന്നതായിരുന്നു ഈ നായയുടെ പ്രവർത്തി.
നിലവിൽ ആരോഗ്യനില മെച്ചപ്പെട്ട നായയെ പൂർണമായി സുഖം പ്രാപിച്ച ശേഷം ദത്തെടുക്കാൻ പുതിയൊരു കുടുംബത്തെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ആശുപത്രി ജീവനക്കാർ.
സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ഒഴുകുന്നത്.
മനുഷ്യരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിൽ നായ പ്രകടിപ്പിച്ച ബുദ്ധിശക്തിയെയും, നായയെ ചേർത്തുപിടിച്ച ക്ലിനിക്കിലെ ജീവനക്കാരുടെ മനുഷ്യത്വത്തെയും ആളുകൾ വാനോളം പുകഴ്ത്തുന്നു.
District News
പാലക്കാട്: രണ്ടാം ക്ലാസുകാരന് തെരുവുനായുടെ കടിയേറ്റു. മേപ്പറമ്പ് മാപ്പിളക്കാട് വച്ചാണ് സംഭവം. സൗഹൃദ നഗറിൽ താമസിക്കുന്ന ധ്യാൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
വീടിനു സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. പ്രദേശവാസിയായ യുവതിക്കും തെരുവ് നായയുടെ കടിയേറ്റു. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധഭാഗങ്ങളിൽ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ മുറിവുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഓമല്ലൂർ, പുത്തൻപീടിക , സന്തോഷ് ജംഗ്ഷൻ, കോളജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവരെയാണ് തെരുവ് നായ ആക്രമിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി, തെരുവുനായ ആക്രമണം ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് കേരള കോണ്‍ഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി. ഇക്കാര്യം ആവശ്യപ്പെട്ട് ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
മനുഷ്യസുരക്ഷ ഉറപ്പാക്കാൻ നിയമഭേദഗതിയും നിയമനിർമാണവും നടത്തണം. പേവിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തെ മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടി കൊല്ലണമെന്നും കേരള കോണ്‍ഗ്രസ് - എം ആവശ്യപ്പെട്ടു.
ഉടമസ്ഥരില്ലാത്ത മുഴുവന്‍ നായ്ക്കളെയും കൂട്ടിലാക്കണം. പക്ഷിപ്പനി പോലുള്ള രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രദേശത്ത് രോഗലക്ഷണങ്ങളുള്ള ജീവികളെ കൊന്നൊടുക്കുന്നതിന് സമാനമായ രീതി തെരുവുനായ്ക്കളുടെ കാര്യത്തിലും വേണം. അതിന് വേണ്ട നിയമനിര്‍മാണം നടപ്പിലാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധം. തെരുവുനായ ആക്രമണത്തിന് ഉത്തരവാദി കണ്ണൂര്‍ കോര്‍പറേഷനാണെന്ന് ആരോപിച്ചാണ് സിപിഎം അംഗങ്ങളുടെ പ്രതിഷേധം. മേയറുടെ ഡയസില്‍ കയറി പ്രതിഷേധക്കാർ മൈക്ക് ഊരി എടുത്തു.
കൗണ്‍സില്‍ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിപിഎം പ്രവര്‍ത്തകര്‍ ഹാളിന് പുറത്തെത്തി പ്രതിഷേധിച്ചിരുന്നു. യോഗം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതല്‍ നിരവധി പേര്‍ക്കാണ് കോര്പറേഷന് പരിധിയില്‍ തെരുവുനായയുടെ കടിയേറ്റത്.