മാനന്തവാടി:യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണത്തിന് നോർബർടൈൻ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്നേഹ വെൽഫെയർ സെന്ററിന്റെ നേതൃത്വത്തിൽ നഗരത്തിൽ കോഴിക്കോട് റോഡിൽ തെരുവുനാടകം അവതരിപ്പിച്ചു. നഗരസഭയുടെയും എക്സൈസ്, പൊലിസ് വകുപ്പുകളുടെയും സഹകരണത്തോടെയായിരുന്നു പരിപാടി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു.
ജനതയെ അധോഗതിയിലേക്ക് തള്ളാൻ ഭീകരവാദം പോലെ ഉപയോഗിക്കപ്പെടുന്ന ആയുധമാണ് ലഹരിയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ലഹരി വിപത്തിനെതിരായ സന്ദേശപ്രചാരണത്തിന് രംഗത്തിറങ്ങിയ അമ്മമാരെ അഭിനന്ദിച്ചു. സ്നേഹ വെൽഫെയർ സെന്റർ ഡയറക്ടർ ഫാ.അനീഷ് കരിമാലൂർ, സോഷ്യൽ വർക്കർ ജോബി തോമസ് എന്നിവർ പ്രസംഗിച്ചു. നിരവധിയാളുകൾ തെരുവുനാടകം ആദ്യന്തം കണ്ടു.