പാരീസ്: ഫ്രാൻസിൽ വിദ്യാലയങ്ങളിലെ അപര്യാപ്തതകൾ ക്കെതിരേ ഹൈസ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭം വലിയ അക്രമസംഭവങ്ങൾക്കിടയാക്കി. പ്രകടനങ്ങൾ തെരുവുയുദ്ധമായി മാറിയ പശ്ചാത്തലത്തിൽ ഇന്നലെ 400 സ്കൂളുകൾ അടച്ചിട്ടു.
40 ഹെഡ്മാസ്റ്റർമാർ അടക്കം 65 സ്കൂൾ ജീവനക്കാർക്കു പരിക്കേറ്റെന്നാണു ഫ്രഞ്ച് വൃത്തങ്ങൾ അറിയിച്ചത്. 15-18 പ്രായമുള്ള 1949 വിദ്യാർഥികൾ വ്യാഴാഴ്ച കസ്റ്റഡിയിലായി. ഇതോടെ കസ്റ്റഡിയിലുള്ള മൊത്തം വിദ്യാർഥികളുടെ എണ്ണം മൂവായിരത്തിനടുത്തായി.
ആവശ്യത്തിന് അധ്യാപകർ ഇല്ലാത്തതു പരിഹരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തിങ്ങിഞെരുങ്ങി ഇരിക്കുന്നത് ഒഴിവാക്കാൻ ക്ലാസ് മുറിയിൽ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
ഈയാഴ്ചയാദ്യം പാരീസിൽ ആരംഭിച്ച പ്രക്ഷോഭം രാജ്യമൊട്ടാകെ പടരുകയായിരുന്നു. വിദ്യാർഥികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയുമുണ്ടായി.
രണ്ടു സ്കൂളുകൾക്കു തീയിട്ടതായും ഒരു അധ്യാപകനുമേൽ പെട്രോൾ ഒഴിച്ചതായും റിപ്പോർട്ടുണ്ട്. ചില നഗരങ്ങളിൽ വിദ്യാർഥികളുടെ റോഡ് ഉപരോധം ഗതാഗതത്തിനു തടസമായി.