വൈവിധ്യമാർന്ന രുചിക്കൂട്ടുകൾക്ക് പേരു കേട്ട ഇന്ത്യയിൽ, സസ്യാഹാരങ്ങൾ കണ്ടെത്തുന്നത് എത്രത്തോളം ലളിതവും സ്വാദിഷ്ടവുമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ബ്രിട്ടീഷ് ഫുഡ് വ്ലോഗറായ ജൂലിയസ് ഫീഡ്ലർ.
ആഴ്ചകളോളം ഇന്ത്യയിലുടനീളം യാത്ര ചെയ്ത് പ്രാദേശിക വിഭവങ്ങൾ അനുഭവിച്ചറിഞ്ഞ ശേഷമാണ്, ഇന്ത്യക്കാരുടെ പരമ്പരാഗത ഭക്ഷണക്രമത്തിൽ വീഗൻ ശൈലി സ്വാഭാവികമായിത്തന്നെ അലിഞ്ഞുചേർന്നിട്ടുണ്ടെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ഇറച്ചിയോ പാൽ ഉൽപ്പന്നങ്ങളോ ഉൾപ്പെടുത്താതെ തനതായ രീതിയിൽത്തന്നെ തയ്യാറാക്കുന്ന ധാരാളം വിഭവങ്ങൾ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ദാൽ, ദോശ, ഇഡ്ഡലി, സാമ്പാർ തുടങ്ങിയ ജനപ്രിയ ആഹാരങ്ങളും തെരുവോരങ്ങളിലെ വ്യത്യസ്ത രുചികളും ഇതിന് ഉദാഹരണമാണ്.
ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയുടെ ചരിത്രപരമായ സ്വാധീനമാണ് രാജ്യത്ത് സസ്യാഹാര സംസ്കാരം ഇത്രയധികം വേരോടാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കൂടാതെ, ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥ കാരണം സമൃദ്ധമായി ലഭിക്കുന്ന തേങ്ങ, പല വിഭവങ്ങളിലും പാലിനും തൈരിനും പകരമായി സ്വാഭാവികമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ യാത്രയെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം കുറിപ്പിൽ, തെക്കേ ഇന്ത്യയിലെ ആഘോഷങ്ങളിലും വിവാഹങ്ങളിലും വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയെക്കുറിച്ച് അദ്ദേഹം എടുത്തുപറയുന്നുണ്ട്.
നാൽപ്പതിലേറെ കറികൾ നിരക്കുന്ന സദ്യ തികച്ചും സസ്യാഹാരമാണെന്ന് മാത്രമല്ല, അതിലെ ഭൂരിഭാഗം വിഭവങ്ങളിലും പാൽ ഉൽപ്പന്നങ്ങൾ തീരെ ഉപയോഗിക്കുന്നില്ലെന്നതും അദ്ദേഹത്തെ ആകർഷിച്ചു.
അരിയും ഉഴുന്നും പുളിപ്പിച്ചുണ്ടാക്കുന്ന പഞ്ഞിപോലെയുള്ള ഇഡ്ഡലിയും, മൊരിഞ്ഞ വടയും, മസാല ദോശയും തേങ്ങാച്ചമ്മന്തിയും തനിക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയെന്ന് അദ്ദേഹം കുറിച്ചു. ഇതിനുപുറമേ റാഗി മുദ്ദേ, മിസൽ പാവ്, സാമ്പാർ തുടങ്ങിയവയും അദ്ദേഹം ആസ്വദിച്ചു കഴിച്ചു.
ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് വിഭവങ്ങളിൽ പാനി പൂരി, വെള്ളക്കടലക്കറിയും അലു ടിക്കിയും ചേർത്ത പാറ്റീസ്, മുംബൈയുടെ സ്വന്തം വട പാവ് എന്നിവയും അദ്ദേഹം പരീക്ഷിക്കുകയുണ്ടായി.
വട പാവിനായി ഉപയോഗിക്കുന്ന മൃദുവായ 'ലാഡി പാവ്' പോലും വീഗൻ രീതിക്ക് അനുയോജ്യമാണെന്നത് തനിക്ക് പുതിയൊരു അറിവായിരുന്നുവെന്നും അദ്ദേഹം പങ്കുവെച്ചു.
ജൂലിയസിന്റെ പോസ്റ്റിന് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഇന്ത്യയിൽ സസ്യാഹാരം കഴിക്കുന്നത് വളരെ എളുപ്പവും രുചികരവുമാണെന്ന് ഉപയോക്താക്കൾ കമന്റ് ചെയ്തു.
വീഗൻ എന്ന പ്രത്യേക തത്ത്വചിന്തയെക്കുറിച്ച് ധാരണയില്ലായിരുന്നെങ്കിലും തങ്ങളുടെ പരമ്പരാഗത ഭക്ഷണക്രമം സ്വാഭാവികമായും അങ്ങനെ ഉള്ളതാണെന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, അപൂർവം ചില കടകളിൽ പാവ് നിർമ്മാണത്തിന് വെണ്ണയോ പാലോ ഉപയോഗിക്കാറുണ്ടെന്നും എങ്കിലും ഏത് ഭക്ഷണവും പാൽ ഒഴിവാക്കി പാകം ചെയ്തു നൽകാൻ ഇവിടുത്തെ വ്യാപാരികൾ സന്തോഷത്തോടെ തയ്യാറാകുമെന്നും മറ്റൊരാൾ വ്യക്തമാക്കി.
സസ്യധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്ന ഏതൊരാൾക്കും ഏറ്റവും മികച്ച വിഭവങ്ങൾ വാഗ്ദാനം ചെയ്യാൻ ഇന്ത്യയുടെ സമ്പന്നമായ ഭക്ഷണ സംസ്കാരത്തിന് സാധിക്കുമെന്നാണ് ജൂലിയസ് ഫീഡ്ലറുടെ യാത്രാനുഭവം വ്യക്തമാക്കുന്നത്.