പൂച്ചാക്കൽ: പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ പെരുമ്പളം പാലത്തിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. പാലത്തിലും അപ്രോച്ച് റോഡിലുമായി 78 വിളക്കുകളാണ് കരാർ കമ്പനി സ്ഥാപിച്ചത്. വിളക്കുകൾ പൂർണമായും തെളിച്ചു. പാലം ഉദ്ഘാടന സമയത്തു തെളിച്ച ലൈറ്റുകൾ പാലത്തിന് കൂടുതൽ മനോഹാരിത നൽകിയിരുന്നു. ഇതു കാണാനായി കൂടുതൽ ആളുകൾ പെരുമ്പളത്തേക്ക് ഒഴുകിയെത്തിയിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ ലൈറ്റുകൾ അഴിച്ചുമാറ്റിയത് വലിയ പ്രതിക്ഷേധത്തിനിടയാക്കി.
പാലത്തിലെ വെളിച്ചക്കുറവുകാരണം രാത്രികാലങ്ങളിൽ യാത്രക്കാർ നേരിട്ടിരുന്ന വലിയ ബുദ്ധിമുട്ടുകൾക്കാണ് തെരുവു വിളക്കുകൾ സ്ഥാപിച്ചതിലൂടെ പരിഹാരമായിരിക്കുന്നത്. പാലത്തിലുടനീളം അത്യാധുനിക എൽഇഡി ലൈറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
തെരുവുവിളക്കുകൾ തെളിഞ്ഞതോടെ പ്രദേശത്തെ രാത്രികാല ഗതാഗതം കൂടുതൽ സുരക്ഷിതവും സുഗമവുമാകും. പാലം ഉദ്ഘാടനം കഴിഞ്ഞതിനുശേഷവും തെരിവുവിളക്കുകൾ സ്ഥാപിക്കാത്തതിനെതിരേ പ്രദേശവാസികളുടെ ഭാഗത്തുനിന്നു ശക്തമായ പ്രതിഷേധമുയർന്നിരുന്നു.
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലുകളെത്തുടർന്നാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയത്. രാത്രികാലങ്ങളിൽ കായലിന്റെ മനോഹരമായ കാഴ്ചകൾ കാണാൻ പാലത്തിലേക്ക് എത്തുന്നവർക്കും ഇത് വലിയ ആശ്വാസമേകും. പുതിയ തെരുവുവിളക്കുകൾ തെളിഞ്ഞതു പെരുമ്പളത്തിന്റെ വികസന കുതിപ്പിൽ മറ്റൊരു പ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്.