ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ ഓര്‍മയ്ക്കായി സ്മാരകം നിര്‍മിക്കുന്നതിന് ഡല്‍ഹി അര്‍ബന്‍ ആര്‍ട്സ് കമ്മിഷന് അനുമതി നല്കി. ഡല്‍ഹി രാജ്ഘട്ടിലെ രാഷ്ട്രീയ സ്മൃതിസ്ഥലില്‍ സ്മാരകം നിര്‍മിക്കാനാണ് കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയിരിക്കുന്നത്.
നിര്‍മാണ നിബന്ധനകളില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് സ്മൃതിസ്ഥലിലെ നിലവിലെ പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടമൊന്നും സൃഷ്ടിക്കരുതെന്നും നിലവിലെ സ്മാരകങ്ങളുടെ തനിമയെ ബാധിക്കരുതെന്നുമാണ്.
കൂടാതെ, പരിസരത്തെ വൃക്ഷങ്ങൾ മുറിക്കാനോ ഭാഗികമായി നശിപ്പിക്കാനോ പാടില്ല. രാജ്ഘട്ടിലെ തനതായ വാസ്തുശൈലിയുമായി ചേര്ന്നുനില്ക്കുന്നതായിരിക്കണം പുതിയ നിര്‍മാണം.
നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന സ്മാരകത്തിന്റെ രൂപരേഖയിലോ ആകൃതിയിലോ ഉള്‍പ്പെടെയുള്ള എന്തു മാറ്റത്തിനും അനുമതി വാങ്ങണമെന്നും കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ് സമര്‍പ്പിച്ച പദ്ധതി നിര്‍ദേശത്തിലാണ് ഡല്‍ഹി അര്‍ബന്‍ ആര്‍ട്സ് കമ്മിഷന് യോഗം തീരുമാനമെടുത്തത്.
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസ് നല്കുന്ന നിര്‍മാണാനുമതി കൂടി ലഭിക്കുന്നതോടെ സ്മാരകത്തിന്റെ നിര്‍മാണം ആരംഭിക്കും.