തൊടുപുഴ: വിനോദസഞ്ചാരത്തിന് അനന്ത സാധ്യതകളുള്ള മലങ്കര ജലാശയ മേഖലയുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്ത പദ്ധതി പ്രകാരമുള്ള വികസനങ്ങള്‍ നടപ്പാക്കാന്‍ അധികൃതര്‍ തയാറാകണമെന്നുള്ള ആവശ്യം ശക്തമാകുന്നു. സര്‍ക്കാരിന് ഒരു രൂപ പോലും ചെലവഴിക്കാതെ മലങ്കരയില്‍ വികസനം എത്തിക്കുന്നതിന് ഇത്തരം പദ്ധതികള്‍ക്ക് ഏറെ സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് പിപിപി പദ്ധതി പ്രകാരം സംരംഭങ്ങള്‍ തുടങ്ങാന്‍ അനുമതി നല്കിയാല് മലങ്കരയുടെ വികസനത്തിന് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
മലങ്കര ടൂറിസം പദ്ധതി 2019 നവംബര്‍ രണ്ടിനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കുട്ടികളുടെ പാര്‍ക്ക് മാത്രമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത്. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതിയുടെ വികസനത്തിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതാണു വസ്തുത.
മലങ്കര ടൂറിസം പദ്ധതി പ്രവര്‍ത്തിക്കുന്നത് ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലായതിനാല്‍ വകുപ്പിന്റെ അനുമതി ലഭിച്ചെങ്കില്‍ മാത്രമേ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയൂ. ടൂറിസം പദ്ധതിയുടെ ദൈനംദിന നടത്തിപ്പിനായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള ജനറല്‍ കൗണ്‍സില്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം നിരവധി വികസന പദ്ധതികളുടെ റിപ്പോര്‍ട്ട് ജലവിഭവ വകുപ്പിന് കൈമാറിയെങ്കിലും അനുമതി നിഷേധിക്കപ്പെടുകയാണ് ചെയ്തത്.
സാധ്യതകള്‍ ഒട്ടേറെ
ഈ സാഹചര്യത്തിലാണ് മലങ്കരയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും വിനോദസഞ്ചാര മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് അനുമതി നല്കിയാല് പ്രത്യക്ഷമായും പരോക്ഷമായും പ്രാദേശികമായി നൂറുകണക്കിന് ആളുകള്‍ക്ക് തൊഴില്‍ സാധ്യതതയും ഉണ്ടാകും.
വൈദ്യുതി വകുപ്പിന് കീഴിലുള്ള ഹൈഡല്‍ ടൂറിസം പദ്ധതിക്ക് മലങ്കരയില്‍ പിപിപി പദ്ധതി പ്രകാരം അനുമതി നല്‍കാവുന്നതാണ്. അണക്കെട്ടിലെ വെള്ളം മലിനമാകാത്ത സോളാര്‍ ബോട്ട്, കുട്ടവഞ്ചി, ഹെറിറ്റേജ് ഹോട്ടലുകള്‍, ബഗികാര്‍, കുതിര സവാരി,റോപ് വേ തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയും. നിരവധി പദ്ധതികള്‍ ഹൈഡല്‍ ടൂറിസത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന മത്സ്യഫെഡിനു കീഴിലും സോളാര്‍ ബോട്ട്, കുട്ടവഞ്ചി പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലങ്കരയില്‍ വിവിധ വിനോദോപാധികള്‍ ആരംഭിക്കാന്‍ നേരത്തേതന്നെ പദ്ധതിയിട്ടിരുന്നു.
ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച ബോട്ടുജെട്ടിയും ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണ്.ടൂറിസം വകുപ്പിന് കീഴില്‍ മങ്ങാട്ട് കവലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് സ്ഥാപനം മലങ്കര ഹബ്ബില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രോജക്ടും അപേക്ഷയും നല്‍കിയെങ്കിലും ഇതും തള്ളുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.
വെള്ളത്തില്‍ വരച്ച വരപോലെ പദ്ധതികള്‍
പൊതുജന പങ്കാളിത്ത പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ച് ജലവിഭവ വകുപ്പിന്റെ അനുമതിക്ക് കൈമാറിയെങ്കിലും അതും അവഗണിക്കപ്പെട്ടു. പദ്ധതിക്കായി പെരുമ്പാവൂര്‍ ആസ്ഥാനമായ ഏജന്‍സിയെ ഇതിനായി തെരഞ്ഞെടുത്തെങ്കിലും പിന്നീട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടപ്പായില്ല. 116 കോടിയുടെ മലങ്കര ടൂറിസം വികസന പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ പങ്കാളിത്തത്തോടെ ആവിഷ്കരിക്കുന്നതിനു പ്രാരംഭ നടപടികള്‍ ആരംഭിച്ചപ്പോഴേ അതിനെതിരേ പരാതി ഉയര്‍ന്നു. ഇതോടെ പദ്ധതി ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായി.
ആദ്യ ഘട്ടത്തില്‍ മലങ്കരയ്ക്കായി അനുവദിച്ച നാലു കോടി രൂപയ്ക്കു ശേഷം 26 കോടിയുടെ പദ്ധതി മലങ്കരയില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്ശന് പദ്ധതിയില്‍പ്പെടുത്തി 102 കോടിയുടെ വികസന പ്രവര്‍ത്തങ്ങള്‍ മലങ്കരയില്‍ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം.
98.70 ലക്ഷത്തിന്റെ വികസന പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സംസ്ഥാന ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്നത്തെ കളക്ടറും അറിയിച്ചിരുന്നു. ഇതെല്ലാം പിന്നീട് വെള്ളത്തില്‍ വരച്ച വരപോലെയായി.
വാഗമണ്‍, ഇടുക്കി എന്നിവിടങ്ങളിലേക്കു പോകുന്ന വിനോദസഞ്ചാരികള്‍ക്ക് മലങ്കര ഇടത്താവളമാകുന്നതോടെ ഇവിടെ വലിയ സാധ്യതകളാണുള്ളത്. അതിനാല്‍ അടിയന്തരമായി വികസന പദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.