ന്യൂഡൽഹി: ഡിജിറ്റൽ മുന്നേറ്റമായി വളർന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ജന്തർ മന്തറിലെ പ്രതിഷേധത്തിൽ ചർച്ചാവിഷയമായി സമരക്കാർ ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകളും.
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും സർക്കാരിന്റെ ഏകാധിപത്യ പ്രവണതയെ കുറ്റപ്പെടുത്തിയും പുതുതലമുറയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിനെതിരേ വിമർശനമുന്നയിച്ചും നൂറുകണക്കിനു പോസ്റ്ററുകളാണ് ജന്തർ മന്തറിൽ ഉയർത്തുന്നത്.
സർഗാത്മകതകൊണ്ടും ആഖ്യാനഭംഗികൊണ്ടും ജന്തർ മന്തറിലുയരുന്ന മുദ്രാവാക്യങ്ങളെക്കാൾ ശക്തമാകുകയാണ് കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണയ്ക്കുന്നവർ സ്വന്തം കൈപ്പടയിൽ തയാറാക്കുന്ന പോസ്റ്ററുകൾ.
ചിന്ത നിയമവിധേയമായിരിക്കുമ്പോൾത്തന്നെ ചിന്തിക്കുക, ഞങ്ങൾ പഠിച്ചു നിങ്ങൾ പരാജയപ്പെട്ടു, സിഎം മോദി ടു പിഎം നാസി എന്നിങ്ങനെയാണ് പോസ്റ്ററുകൾ. ഓൺലൈനി കാർട്ടൂണുകൾ നീക്കം ചെയ്താൽ വിദ്യാർഥികളും യുവാക്കളും കടലാസിലെ കലാവിഷ്കാരത്തിലൂടെ പ്രതിരോധിക്കുമെന്ന് പ്രതിഷേധക്കാർ പറയുന്നു.
നിരവധി യുവാക്കളാണ് ജന്തർ മന്തറിന്റെ സമരഭൂമിയിലിരുന്ന് പ്രതിഷേധ മുദ്രാവാക്യങ്ങളും കാർട്ടൂണുകളുമടങ്ങുന്ന പോസ്റ്ററുകൾ എഴുതി വരച്ചു തയാറാക്കുന്നത്. ജന്തർ മന്തറിൽ ഉയർത്തിപ്പിടിച്ച കൈകൾക്കിടയിലെ പോസ്റ്ററുകളിൽ കുട്ടികളും മാതാപിതാക്കളുമടക്കമുള്ളവർ എഴുതി തയാറാക്കിയ പോസ്റ്ററുകളുമുണ്ട്.