തിരുവനന്തപുരം: എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം സർക്കാർ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാമന്ത്രി വി. ശിവൻകുട്ടി. യാതൊരുവിധ അക്കാഡമിക് ചർച്ചകളും നടത്താതെയാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും, ഇത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ പിന്നോട്ട് വലിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മിനിമം മാർക്ക് സംവിധാനം ഇല്ലാതാകുന്നതോടെ കുട്ടികൾക്ക് ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന പ്രത്യേക പഠന പിന്തുണാ ക്ലാസുകളും നിലയ്ക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾ പോലും പത്താം ക്ലാസിൽ എ പ്ലസ് നേടുന്നുവെന്ന വ്യാപകമായ വിമർശനം ഉയർന്നപ്പോഴാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിദ്യാർഥികളുടെ നിലവാരം ഉയർത്താൻ മിനിമം മാർക്ക് സംവിധാനം കൊണ്ടുവന്നത്.
ആദ്യം എട്ടാം ക്ലാസിലും പിന്നീട് ഒമ്പതാം ക്ലാസിലും ഇത് കർശനമായി നടപ്പിലാക്കിയിരുന്നു. വിദ്യാർഥികളെ കൈപിടിച്ച് ഉയർത്താൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയതും ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതുമായ ഈ മാതൃകാപരമായ പദ്ധതിയാണ് ഇപ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ പിൻവലിച്ചിരിക്കുന്നത്.
സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കുന്നതോടെ പരീക്ഷയിൽ വെറും അഞ്ച് മാർക്ക് നേടിയാൽ പോലും വിജയിക്കാം എന്ന അപകടകരമായ അവസ്ഥയിലേക്ക് കുട്ടികളെ തള്ളിവിടുകയും വിദ്യാർഥികളുടെ ഭാവിവച്ച് പന്താടുകയുമാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.