ഫിലാഡൽഫിയ: കൊലക്കുറ്റത്തിനു നാല് പതിറ്റാണ്ട് കാലം തടവിൽ കഴിഞ്ഞ ഇന്ത്യൻ വംശജനെ നാടുകടത്താനുള്ള നീക്കം യുഎസിലെ രണ്ട് കോടതികൾ ഇടപെട്ടു തടഞ്ഞു. ശിശുവായിരിക്കേ യുഎസിലേക്കു നിയമപരമായി കുടിയേറിയ സുബ്രഹ്മണ്യ വേദം (64) ആണ് മയക്കുമരുന്ന് കേസിൽ നാടുകടത്തൽ നടപടി നേരിടാനൊരുങ്ങുന്നത്.
ചെയ്യാത്ത കൊലക്കുറ്റത്തിന് നാലു പതിറ്റാണ്ട് ജയിലിൽ ചെലവഴിച്ചതിനാൽ ഇയാളെ നാടുകടത്തരുതെന്നാണ് അഭിഭാഷകർ ആവശ്യപ്പെടുന്നത്. ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കവേ ഇക്കൊല്ലം വേദം കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസം മൂന്നിനു ജയിലിൽനിന്നു മോചിതനായ ഇയാളെ ഇമിഗ്രേഷൻ കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. കൊലക്കേസിൽനിന്നുള്ള മോചനം മയക്കുമരുന്ന് കേസിലെ നടപടിയിൽ ഇളവ് നൽകാനുള്ള കാരണമല്ലെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് അറിയിച്ചിട്ടുണ്ട്.
ചെയ്യാത്ത കുറ്റത്തിന് 43 വർഷം ജയിലിൽ കഴിഞ്ഞ ഒരാളോട് ചെയ്യുന്ന മറ്റൊരു ന്യായീകരിക്കാനാകാത്ത തെറ്റാകും നാടുകടത്തലെന്നും ഇത് ബോർഡ് ഓഫ് ഇമിഗ്രേഷൻ അപ്പീൽസ് തിരിച്ചറിയുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സുബ്രഹ്മണ്യ വേദത്തിന്റെ സഹോദരി സരസ്വതി പ്രതികരിച്ചു.