തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് കാർഷിക ഉത്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും വിപണി ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് ന്യായവില ലഭ്യമാക്കുന്നതിനുമായി 20 കോടിയുടെ പദ്ധതിക്കു ഭരണാനുമതി നൽകിയതായി കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ്.
വിപണിയിലെ വിലയിടിവ് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുകയും കാർഷിക ഉത്പന്നങ്ങൾക്കു ന്യായവില ഉറപ്പാക്കുകയും ഉപഭോക്താക്കൾക്കു ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കർഷകരിൽനിന്നു വിവിധ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിനുമുള്ള ചെലവുകളാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഹോർട്ടികോർപ് മുഖേന കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിന് 6.98 കോടി, കേരഫെഡ് മുഖേന പച്ചത്തേങ്ങ സംഭരണത്തിനു രണ്ടു കോടി, സംസ്ഥാനത്തുടനീളം ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിന് 10.24 കോടി എന്നിവ അനുവദിച്ചിട്ടുണ്ട്.
കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് പദ്ധതിയുടെ തറവില ഇനത്തിൽ 75 ലക്ഷവും തേങ്ങ സംഭരണ സമിതിയുടെ പ്രവർത്തനച്ചെലവിനായി 2.82 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
പദ്ധതിയുടെ സമയബന്ധിതവും കാര്യക്ഷമവുമായ നിർവഹണം ഉറപ്പാക്കുന്നതിനായി നിർവഹണ ഏജൻസികൾ ത്രൈമാസ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും പദ്ധതികളുടെ ഫലപ്രദമായ നിരീക്ഷണം കൃഷിവകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം ഹോർട്ടികോർപ്പിന് അനുവദിച്ച ആകെ തുകയിൽ ഒരു കോടി രൂപ സാമ്പത്തിക വർഷം അവസാനമായതിനാൽ വിനിയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ആ തുക ഈ വർഷം മുൻകൂറായി അനുവദിച്ചു നൽകിയതിനു പുറമെയാണ് ഇപ്പോൾ 6.98 കോടി രൂപയ്ക്കു കൂടി ഭരണാനുമതിയായത്.