1956ൽ ഈജിപ്ത് അഞ്ച് മാസത്തേക്ക് സൂയസ് കനാൽ അടച്ചുപൂട്ടിയപ്പോൾ അത് ബ്രിട്ടന്റെ പൗണ്ട് സ്റ്റെർലിംഗിന്റെ ആഗോളപദവി ഇല്ലാതാക്കുകയും പെട്രോഡോളർ യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്കു മുമ്പു തങ്ങളെ അടിച്ചമർത്തിയ സാമ്പത്തികശക്തിക്ക് ഒരു ചെറിയ രാജ്യത്തിന് എങ്ങനെ ഗുരുതരമായ നാശനഷ്ടം വരുത്താം എന്നതിന് അതു തെളിവായി.
അമേരിക്ക ഇപ്പോൾ സ്വന്തം "സൂയസ് നിമിഷത്തെ' അഭിമുഖീകരിക്കുകയാണെന്ന് ചിലർ വാദിക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിന്റെ സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള ലളിതമായ ഒരു വിലയിരുത്തലാണിതെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറേനി യൻ യുദ്ധ അബദ്ധത്തിനു മുന്നിൽ ഡോളറിന്റെ ആധിപത്യം തകരില്ലെന്ന അമിത ആത്മവിശ്വാസവും അത്രതന്നെ തെറ്റാണ്.
ഇറാന്റെ നടപടികളും സൂയസ് പ്രതിസന്ധിയും തമ്മിലുള്ള സാമ്യം നമ്മെ തെറ്റിദ്ധരിപ്പിച്ചേക്കാം. ഈജിപ്തും ഇറാനും തങ്ങളുടെ നിയന്ത്രണത്തിലുള്ള ജലപാതകൾ അടച്ച് എണ്ണ വിതരണം തടസപ്പെടുത്തി എന്നത് സത്യമാണ്. ഇത് സാമ്പത്തിക ശക്തികളുടെ സമ്പദ്വ്യവസ്ഥയിൽ ഊർജവില കുത്തനെ ഉയരാൻ കാരണമായി. സാമ്പത്തിക വിപണികൾ തകർന്നു. വളം, ഗതാഗതം എന്നിവയുടെ വിലക്കയറ്റത്തിന്റെ ആഘാതം എപ്പോഴും ദരിദ്രരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. എന്നാൽ ഹോർമുസ് അമേരിക്കയ്ക്ക് ഒരു "സൂയസ്’ ആകില്ലെന്നു സൂചിപ്പിക്കുന്ന ചില അടിസ്ഥാന വ്യത്യാസങ്ങളുണ്ട്.
സൂയസ് പ്രതിസന്ധി കേവലം ബ്രിട്ടന്റെ പാപ്പരത്തം സ്ഥിരീകരിക്കുക മാത്രമാണ് ചെയ്തത്. 1945 ഡിസംബറിൽ, വളർന്നുവരുന്ന അമേരിക്കൻ സാമ്രാജ്യം ബ്രിട്ടനെ ഒരു വായ്പക്കെണിയിൽ കുടുക്കിയിരുന്നു. പാപ്പരായ മുൻ സാമ്രാജ്യത്തിന് ഇനി ആഗോളതലത്തിൽ അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നു മാത്രമാണ് സൂയസ് തെളിയിച്ചത്. എന്നാൽ അമേരിക്ക, ട്രംപിന്റെ കഴിവില്ലായ്മയും അശ്രദ്ധമായ ഭരണവും ഉണ്ടായിരുന്നിട്ടും, അത്തരമൊരു തകർച്ചയുടെ അരികിലല്ല.
അമേരിക്കയുടെ കടബാധ്യതയെക്കുറിച്ച് ആശങ്കകളുണ്ടെങ്കിലും 1956ലെ ബ്രിട്ടന്റെ സാമ്പത്തിക സമ്മർദവുമായി അതിനെ താരതമ്യം ചെയ്യുന്നത് അർഥശൂന്യമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഒരിക്കലും സ്റ്റെർലിംഗിന് "അമിതമായ പദവി’ (Exorbitant Privilege) നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതായത്, തങ്ങളുടെ കമ്മി നികത്താൻ ലോകമെമ്പാടുമുള്ള മൂലധനം തങ്ങളിലേക്ക് എത്തിക്കാനുള്ള അമേരിക്കയുടെ കഴിവ് ബ്രിട്ടന് ഉണ്ടായിരുന്നില്ല.
ഇന്ന്, അമേരിക്കക്കാരല്ലാത്തവർക്ക് എണ്ണ വാങ്ങാൻ പ്രതിവർഷം ഏകദേശം ഒരു ട്രില്യൺ ഡോളർ ആവശ്യമാണ്. ഇത് 2026ലെ അമേരിക്കൻ പ്രതിരോധ ബജറ്റിന് ഏകദേശം തുല്യമാണ്. ഊർജവും ആയുധങ്ങളും വാങ്ങാൻ ഡോളർ സമ്പാദിക്കാൻ അവർ ലോകത്തിന് സാധനങ്ങൾ വിൽക്കണം. മറ്റാരെയുംപോലെ, മറ്റുള്ളവർക്ക് ആവശ്യമുള്ള ഡോളർ അമേരിക്ക അച്ചടിക്കുകയും അതിന്റെ വായ്പാ ചെലവ് വിദേശികളുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം 100 ട്രില്യൺ ഡോളർ വരുന്ന ആഗോള ഡോളർ കടം കൂടി ചേർത്താൽ അമേരിക്കയുടെ അജയ്യമായ അധികാരം വ്യക്തമാകും. ബ്രിട്ടന് ഇത് ഒരിക്കലും ഉണ്ടായിരുന്നില്ല.
അതുപോലെ, പെട്രോൾ വില വർധന അമേരിക്കക്കാരെ ബാധിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഗ്യാസ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ അമേരിക്കയ്ക്ക് ഗൾഫിൽനിന്നുള്ള എണ്ണ ആവശ്യമില്ല. എന്നാൽ 1956ൽ ബ്രിട്ടന്റെ അവസ്ഥ ഇതല്ലായിരുന്നു.
ബാങ്കിംഗ് മേഖലയിലും സമാന വ്യത്യാസമുണ്ട്. സൂയസ് പ്രതിസന്ധി ലണ്ടനിലെ ബാങ്കുകളുടെ വരുമാനത്തെ സാരമായി ബാധിച്ചു. എന്നാൽ എഴുപത് വർഷങ്ങൾക്കിപ്പുറം, ട്രംപിന്റെ സാഹസികതമൂലം വിപണിയിലുണ്ടായ അസ്ഥിരതയിൽ നിന്ന് വാൾ സ്ട്രീറ്റ് ബാങ്കുകൾ വൻ ലാഭമാണു കൊയ്യുന്നത്. അമേരിക്കൻ ആധിപത്യവും അവിടുത്തെ ഭരണവർഗത്തിന്റെ സമ്പത്തും സാധാരണ പൗരന്മാരുടെ ക്ഷേമത്തിനു വിപരീതമായിട്ടാണ് നിലകൊള്ളുന്നത്.
ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് പെട്രോഡോളർ വ്യവസ്ഥയുടെ അന്ത്യമല്ലെങ്കിലും അമേരിക്കൻ ആധിപത്യത്തിൽനിന്നുള്ള മാറ്റത്തിന് ആവശ്യമായ ഘടനാപരമായ മാറ്റങ്ങളിലേക്ക് അത് വിരൽ ചൂണ്ടുന്നു.
പാകിസ്ഥാന്റെ കാര്യമെടുക്കുക. ട്രംപിനും ഇറാനും ഇടയിലുള്ള ഒരു പ്രധാന മധ്യസ്ഥനായി മാറിയതിന്റെ ആവേശത്തിലാണ് പാക്കിസ്ഥാൻ സൈനിക സർക്കാർ. ചൈനീസ് സോളാർ പാനലുകളെ ആശ്രയിച്ച് അവർ തങ്ങളുടെ വ്യവസായ അടിത്തറ മാറ്റുകയാണ്. മറ്റ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളും ഇതു പിന്തുടരുന്നു. ഇത് അമേരിക്കയുടെ ഹൈഡ്രോകാർബൺ-ഡോളർ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നു.
പിന്നീട് "യുക്രെയ്ൻ പ്രഭാവം’ വരുന്നു. റഷ്യൻ ആസ്തികൾ കണ്ടുകെട്ടുകയും ആഗോള ധനകാര്യ ശൃംഖലയിൽനിന്ന് അവരെ പുറത്താക്കുകയും ചെയ്തപ്പോൾ, ""ഇന്ന് റഷ്യയാണെങ്കിൽ നാളെ അത് നിങ്ങളിൽ ആരുമാകാം’’എന്ന സന്ദേശമാണ് അമേരിക്ക ലോകത്തിന് നൽകിയത്. സൗദി അറേബ്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ധനികർ ഇത് വ്യക്തമായി മനസിലാക്കി. ഉടൻതന്നെ അവർ ബദൽ മാർഗങ്ങൾ തേടിത്തുടങ്ങി. ചൈന ഒരുക്കിയ ഡിജിറ്റൽ കറൻസി, "ബ്രിക്സ് പേ’, വീചാറ്റ് തുടങ്ങിയ സംവിധാനങ്ങളിലേക്ക് അവർ ശ്രദ്ധ തിരിച്ചു. ഈ സംഭവവികാസങ്ങൾ ഡോളറിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമാകില്ലെങ്കിലും അമേരിക്കയുടെ നിയന്ത്രണമില്ലാത്ത ഒരു ബദൽ സാമ്പത്തിക വ്യവസ്ഥയുടെ ഉദയത്തെ സൂചിപ്പിക്കുന്നുണ്ട്.
അമേരിക്കയുടെ സൂയസ് പ്രതിസന്ധിയല്ല ഇറാൻ യുദ്ധമെങ്കിലും അത് ഒരുപക്ഷേ അമേരിക്കയുടെ "ഗലിപ്പോളി നിമിഷമായി’ (Gallipoli moment) മാറിയേക്കാം. 1915ൽ ഡാർഡനെൽസ് ഉപദ്വീപിൽവച്ചാണ് ബ്രിട്ടീഷ് സാമ്രാജ്യം വൻതോതിലുള്ള ഒരു തിരിച്ചടി നേരിട്ടത്. ക്ഷയിച്ചുപോയ ഒരു ഭരണകൂടത്തിന്റെ കരുത്തിനെ കുറച്ചുകാണുകയും സ്വന്തം സൈനികശേഷിയെ അമിതമായി വിലയിരുത്തുകയും അങ്ങേയറ്റം ആശയക്കുഴപ്പം നിറഞ്ഞ തന്ത്രങ്ങൾ മെനയുകയും ചെയ്തതിലൂടെ സംഭവിച്ച ഒരു ദുരന്തമായിരുന്നു അത്. ഇതു കേൾക്കുമ്പോൾ സമകാലികമായി തോന്നുന്നില്ലേ?
(യാനിസ് വരുഫാക്കിസ് ഗ്രീസിന്റെ മുൻ ധനമന്ത്രിയും ആഥൻസ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രഫസറുമാണ്.)
പകർപ്പവകാശം: പ്രോജക്ട് സിൻഡിക്കറ്റ്, 2026.
www.project-syndicate.org