എണ്‍പതുകളുടെ അവസാനം ദൂരദർശനിലെ ജനപ്രിയ പരിപാടിയായിരുന്നു ഛായാ ഗീത്. ഇഷ്ടഗാനങ്ങൾ കാണാനും കേൾക്കാനുമുള്ള അവസരം. 1965ലെ സൂപ്പർ ഹിറ്റായ ‘ജബ് ജബ് ഫൂൽ ഖിലേ’യിലെ അത്രതന്നെ ഹിറ്റായ ഒരു പാട്ട് ഒരിക്കൽ ഛായാ ഗീതിൽ വന്നു. പാടിയത് ലതാ മങ്കേഷ്കറും മുഹമ്മദ് റഫിയും എന്നാണ് ദൂരദർശൻ എഴുതിക്കാട്ടിയത്. കേൾവിക്കാർക്ക് ഒരു സംശയവും തോന്നിയില്ല- ലതയും റഫിയും പാടുന്നു.
എന്നാൽ അന്ന് ഇരുപതുകാരിയായ ഒരു പെണ്‍കുട്ടി പ്രസാർ ഭാരതിയുടെ ഓഫീസിലേക്കു വിളിച്ചു. ‘ഛായാ ഗീതിൽ പറഞ്ഞതിൽ ഒരു തെറ്റുണ്ട്, ആ പാട്ട് പാടിയത് ലതാ മങ്കേഷ്കറല്ല., എന്റെ അമ്മയാണ്.’അതു തിരുത്തിക്കൊടുക്കണം എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ ആവശ്യം. എന്നാൽ അവിടെയുള്ള ആരും അതു വിശ്വസിച്ചില്ല. അത്രമാത്രം ആ സ്വരം ലതയുടേതാണെന്ന് തോന്നിച്ചിരുന്നു. എല്ലാവരും അങ്ങനെ മനസിലുറപ്പിക്കുകയും ചെയ്തിരുന്നു.
സുമൻ കല്യാണ്‍പുർ ആയിരുന്നു ആ ഗായിക. പാട്ടാകട്ടെ, ‘നാ നാ കർതേ പ്യാർ തുമ്ഹീസേ’യും. പാട്ടിന്റെ ക്രെഡിറ്റ് അമ്മയ്ക്കു കിട്ടണമെന്ന് അപേക്ഷിക്കുകയായിരുന്നു സുമന്റെ മകൾ ചാരുൾ ഹെമ്മാടി.
ലതാ മങ്കേഷ്കറുമായുള്ള ശബ്ദസാമ്യത്തെക്കുറിച്ച് ഒരിക്കൽ സുമൻ ഇങ്ങനെ പറഞ്ഞു: ‘അവരുടെ പാട്ടുകൾ എനിക്കെന്നും പ്രചോദനമായിരുന്നു.
കോളജിൽ പഠിക്കുന്നകാലത്ത് ഞാൻ ആ പാട്ടുകളാണ് പാടാറുള്ളത്. എന്റെ ശബ്ദം ലോലവും മൃദുവുമായിരുന്നു. ഞാനെന്താണു ചെയ്യുക? എന്റെ പാട്ടുകൾ റേഡിയോ സിലോണ്‍ പ്രക്ഷേപണം ചെയ്തുതുടങ്ങിയപ്പോഴും പേരു പറയാറില്ല. റെക്കോർഡ് ഡിസ്കുകൾക്കു പുറത്തും എന്റെ പേരിനു പകരം തെറ്റായ പേരുവന്നു. അത് ആളുകൾക്കു കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കും. നോക്കൂ, ഇപ്പോൾ ശ്രേയാ ഘോഷാലിന്റെ ശബ്ദവും മൃദുവാണ്. എന്നിട്ടും ആർക്കും തെറ്റുന്നില്ലല്ലോ. ഞങ്ങളുടെ കാലത്ത് അങ്ങനെയേ പറ്റുമായിരുന്നുള്ളൂ. ബ്രഹ്മചാരി എന്ന ചിത്രത്തിലെ ‘ആജ് കൽ തേരേ മേരേ പ്യാർ കെ ചർച്ചേ’എന്ന പാട്ടും ഇത്തരം തെറ്റിദ്ധാരണയുണ്ടാക്കി. ലതാ മങ്കേഷ്കറുടെ കടുത്ത ആരാധകർക്കുപോലും ആ പാട്ടു പാടിയത് ലതയല്ല എന്നു തിരിച്ചറിയാനായില്ലെന്ന് മുതിർന്ന സംഗീത നിരൂപകനായ രാജു ഭരതൻ ഓർമിച്ചിട്ടുണ്ട്.
അന്‍പതുകളും അറുപതുകളും ഹിന്ദി സിനിമാ സംഗീതരംഗത്ത് വലിയ മാറ്റത്തിനു സാക്ഷ്യം വഹിച്ചു. പിന്നീട് സുവർണകാലം എന്നറിയപ്പെട്ടതും ഇതേ സമയമാണ്. ലതാ മങ്കേഷ്കറും ആഷാ ഭോസ്ലെ യും ഉദിച്ചുയർന്നതും അക്കാലത്തുതന്നെ. ലതയ്ക്കുള്ള പകരക്കാരിയായി സുമൻ ഉയർന്നുവന്നത് ശബ്ദസാമ്യവും പ്രതിഭയുംകൊണ്ടുമാത്രമല്ല. ലത സ്ഥലത്തില്ലാതിരിക്കുകയോ, ഒരു പാട്ടിന് 100 രൂപ എന്ന അവരുടെ അന്നത്തെ പ്രതിഫലം നിർമാതാക്കൾക്ക് താങ്ങാനാവാതെ വരികയോ ചെയ്താൽ സുമനായിരുന്നു ഏക ആശ്രയം. റഫിയോടൊപ്പം പാടാൻ തന്നെക്കിട്ടില്ല എന്ന നിലപാടും ഇടക്കാലത്ത് ലത എടുത്തിരുന്നു. അങ്ങനെ പാവങ്ങളുടെ ലതാ മങ്കേഷ്കറായി സുമൻ- രാജു ഭരതൻ എഴുതുന്നു.
അതേസമയം ലതയ്ക്കൊപ്പം സുമൻ രണ്ടു പാട്ടുകൾ പാടിയിട്ടുണ്ട്. ‘എനിക്കവർ നല്ല സുഹൃത്തായിട്ടാണ് തോന്നിയിട്ടുള്ളത്. അവരോട് ഒരുപാട് സംസാരിക്കണമെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു’- ഒരിക്കൽ സുമൻ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മകൾ അപ്പോൾ ചോദിച്ചതിങ്ങനെ- ‘അത് അമ്മയ്ക്കു തോന്നുന്നത്. അവർക്കും അങ്ങനെത്തന്നെയായിരുന്നോ? ടിന് ഒരിക്കലും മാറ്റമുണ്ടായില്ല.
എന്നാൽ ഏതാനും പ്രിയഗാനങ്ങളെക്കുറിച്ച് പലപ്പോഴായി അവർ പറഞ്ഞിട്ടുണ്ട്- തേൻപോലുള്ള ശബ്ദത്തിൽ പിറന്ന പാട്ടുകളെക്കുറിച്ച്...അതിൽ ‘നാ തും ഹമേ ജാനോ’എന്ന പാട്ടുണ്ട്. ഉള്ളുകൊളുത്തിവലിക്കുന്ന വരികളാണ് മജ്റൂഹ് സുൽത്താൻപുരി എഴുതിയത്. മഹത്തായൊരീണത്തിന് തന്നെ പരീക്ഷിക്കാൻമാത്രം ധൈര്യശാലിയായിരുന്നു എസ്.ഡി. ബർമനെന്ന് സുമൻ ഓർമിക്കുന്നു. റെക്കോർഡിംഗ് വേളയിൽ അധികം ഉപകരണങ്ങളുടെ പശ്ചാത്തലമില്ലാതെയാണ് സുമൻ പാടിയത്. ഹേമന്ദ് കുമാർ പാടി ചരിത്രമാക്കിയ പാട്ടിൽ ഒപ്പത്തിനൊപ്പം നിൽക്കാനായത് വലിയ നേട്ടമായി അവർ എക്കാലത്തും കരുതി.
എണ്‍പതുകളുടെ അവസാനം അവർ സിനിമകൾക്കായുള്ള പാട്ടുനിർത്തി. പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകർക്കുമൊപ്പം ഏതാണ്ടു നൂറു ചിത്രങ്ങൾക്കുവേണ്ടി അവർ പാടി. ഗോവിന്ദയുടെ ആദ്യചിത്രമായ ലവ് 86-നുവേണ്ടിയാണ് അവസാനമായി പാടിയത്.
ചിത്രരചനയും പാചകവും
മുംബൈയിലെ ഫ്ളാറ്റിൽ ചിത്രംവരയും പാചകവുമാണ് പ്രധാന വിനോദങ്ങളായി അവസാനകാലത്ത് സുമൻ കണ്ടത്. ഹൈസ്കൂൾ പഠനത്തിനുശേഷം അവർ പ്രശസ്തമായ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിൽ പെയിന്റിംഗ് അഭ്യസിച്ചിരുന്നു. സ്കെച്ചുകളും പോർട്രെയ്റ്റുകളും ചെയ്യാൻ അവർ എന്നും ഇഷ്ടപ്പെട്ടു. ചിത്രത്തുന്നൽ, പൂക്കൾ ഒരുക്കൽ എന്നിവയും ഹോബികളായി. ഇനി സുമൻ സുഗന്ധമുള്ള ഓർമ...