ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) സംഘടിപ്പിക്കുന്ന സൂപ്പർ സിംഗേഴ്സ് രണ്ടാം സീസൺ സംഗീത മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഞായറാഴ്ച ഓൺലെെനായി നടന്നു. സുന്ദര നാരായണ ഗാനാഞ്ജലി ട്രസ്റ്റിന്റെ സ്പോൺസർഷിപ്പിലാണ് പരിപാടി അരങ്ങേറുന്നത്.
അഞ്ജന പ്രയാഗയും സുനിത മേനോനും അവതാരകരായ ചടങ്ങിന് ഹരികൃഷ്ണ കോയിപ്പള്ളിൽ ആലപിച്ച പ്രാർഥനാഗാനത്തോടെ തിരശീല ഉയർന്നു. സൂപ്പർ സിംഗേഴ്സ് ചെയർ സതീഷ് അമ്പാടി സ്വാഗതം ആശംസിച്ചു.
അഞ്ച് വർഷം മുമ്പ് നടന്ന ഒന്നാം സീസണിന്റെ വിജയഗാഥയും രണ്ടാം സീസൺ അതിലും മികച്ചതാക്കാനുള്ള പദ്ധതികളും അദ്ദേഹം പങ്കുവച്ചു. അതിനുശേഷം, കെഎച്ച്എൻഎയുടെ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഏവരെയും അഭിസംബോധന ചെയ്തു സംസാരിച്ചു.
വിശിഷ്ടാതിഥികൾ ഉൾപ്പെട്ട ഏവരെയും ഒരിക്കൽക്കൂടി സ്വാഗതം ചെയ്ത അദ്ദേഹം, അമേരിക്കയിൽ വളരുന്ന കുട്ടികൾക്ക് ഭാരതീയ സംസ്കാരത്തിലേക്കും സംഗീതത്തിലേക്കുമുള്ള പാലമായിരിക്കും കെഎച്ച്എൻഎ ഒരുക്കുന്ന ഈ സംഗീത പരിപാടി എന്ന് അഭിപ്രായപ്പെട്ടു.
കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം സംരംഭങ്ങൾ പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണെന്നും പുതുതലമുറയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.