ഷിക്കാഗോ: ലോകത്തിലെ അത്യാധുനിക സൂപ്പർകമ്പ്യൂട്ടറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളും ക്വാണ്ടം കമ്പ്യൂട്ടിംഗ് ഗവേഷണങ്ങളും പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര സൂപ്പർകമ്പ്യൂട്ടിംഗ് സമ്മേളനത്തിന് ചിക്കാഗോ വേദിയാകുന്നു.
ഈ മാസം 15 മുതൽ 20 വരെ ചിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന SC26 സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, ടെക്നോളജി കമ്പനികളുടെ പ്രതിനിധികൾ, സർവകലാശാലകൾ, ദേശീയ ഗവേഷണ ലബോറട്ടറികൾ എന്നിവ പങ്കെടുക്കും.
ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് (HPC), നെറ്റ്വർക്കിംഗ്, ഡാറ്റാ സ്റ്റോറേജ്, ഡാറ്റാ അനാലിസിസ് എന്നീ മേഖലകളിലെ ലോകപ്രമുഖ വാർഷിക സമ്മേളനങ്ങളിലൊന്നാണ് SC26. 1988-ൽ ആരംഭിച്ച ഈ സമ്മേളനത്തിന്റെ 38-ാമത് പതിപ്പാണ് ഇത്തവണ ഷിക്കാഗോയിൽ നടക്കുന്നത്. സമ്മേളനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഷിക്കാഗോ ആതിഥേയത്വം വഹിക്കുന്നത്.
15 മുതൽ 20 വരെ സാങ്കേതിക സെഷനുകളും ശില്പശാലകളും ഗവേഷണ അവതരണങ്ങളും നടക്കും. അത്യാധുനിക കമ്പ്യൂട്ടറുകളുടെയും അനുബന്ധ സാങ്കേതികവിദ്യകളുടെയും വിപുലമായ പ്രദർശനം 17 മുതൽ 19 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
എൻവിഡിയ, മൈക്രോസോഫ്റ്റ്, ഗൂഗിൾ ക്ലൗഡ്, ഇന്റൽ, ഐബിഎം, ഡെൽ ടെക്നോളജീസ്, ആമസോൺ വെബ് സർവീസസ്, ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസ് തുടങ്ങിയ ആഗോള ടെക്നോളജി സ്ഥാപനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ലോകത്തിലെ പ്രമുഖ ഗവേഷണ സർവകലാശാലകളും അമേരിക്കൻ ഊർജവകുപ്പിന്റെ ദേശീയ ലബോറട്ടറികളും തങ്ങളുടെ പുതിയ ഗവേഷണങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും അവതരിപ്പിക്കും.
കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എഐ ഗവേഷക അനിമശ്രീ ആനന്ദ്കുമാർ 17-ന് സമ്മേളനത്തിലെ പ്രധാന പ്രഭാഷണം നടത്തും. സൂപ്പർകമ്പ്യൂട്ടിംഗ് മേഖലയിലെ പ്രമുഖ സ്ഥാപനമായ എൻവിഡിയ 16ന് പ്രത്യേക സാങ്കേതിക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
കമ്പനിയുടെ വൈസ് പ്രസിഡന്റ് ഇയാൻ ബക്ക് പുതിയ തലമുറ ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യകളെക്കുറിച്ച് സംസാരിക്കും. 16ന് ഉച്ചയ്ക്ക് രണ്ടിന് റീജിയണൽ ടെക് ഹബിന്റെ ഉദ്ഘാടനം നടക്കും.
ആർഗോൺ നാഷണൽ ലബോറട്ടറിയിലെ സീനിയർ നെറ്റ്വർക്ക് എൻജിനിയറായ കെവിൻ ഹെയ്ഡനാണ് SC26 സമ്മേളനത്തിന്റെ ജനറൽ ചെയർ. "HPC Unites' എന്ന ആശയത്തെ അടിസ്ഥാനമാക്കി ലോകത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളെയും സാങ്കേതിക വിദഗ്ധരെയും ഒരുമിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ആറുദിവസം നീളുന്ന സമ്മേളനത്തിൽ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണങ്ങൾ, തത്സമയ സാങ്കേതിക പ്രദർശനങ്ങൾ, വിദഗ്ധരുടെ പ്രഭാഷണങ്ങൾ, പരിശീലന പരിപാടികൾ, പുതിയ ഗവേഷകരെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടുള്ള പ്രത്യേക സെഷനുകൾ എന്നിവയും നടക്കും.