റയ്പുർ: ഛത്തീസ്ഗഡിലെ ബൈകുണ്ഠ്പൂരിൽ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയെന്നാരോപിച്ച് 17 വയസുകാരി ജീവനൊടുക്കി. സംഭവത്തിൽ കടയുടമയ്ക്കെതിരെ പോലീസ് കേസെടുത്തു.
ജൂലൈ ഏഴിനായിരുന്നു പെൺകുട്ടി സഹോദരിക്കൊപ്പം സൂപ്പർമാർക്കറ്റിലെത്തിയത്. അവിടെവച്ച് കോസ്മെറ്റിക് സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമകളായ ദീപക് വൈദ്യ, വിനോദ് വൈദ്യ, ജഗത് വൈദ്യ എന്നിവർ ഇരുവരെയും തടഞ്ഞുവയ്ക്കുകയും പെൺകുട്ടിയുടെ സ്കൂട്ടർ പിടിച്ചുവയ്ക്കുകയും ചെയ്തു. അത് തിരികെ നൽകണമെങ്കിൽ 50,000 രൂപ നൽകി, മോഷണം സമ്മതിച്ചുകൊണ്ടുള്ള രേഖയിൽ ഒപ്പിടാൻ നിർബന്ധിച്ചു.
ഉടൻ തന്നെ പെൺകുട്ടികൾ പോലീസിനെ വിവരം അറിയിച്ചെങ്കിലും സ്കൂട്ടർ തിരികെ നൽകിയിരുന്നില്ല. പിറ്റേന്ന് രാവിലെ പോലിസ് കോൺസ്റ്റബിളായ പെൺകുട്ടിയുടെ പിതാവ് കടയിലെത്തിയപ്പോഴും ഉടമകൾ അതേ തുക ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു.
സംഭവത്തിൽ കടയുടമകൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ സൂപ്പർമാർക്കറ്റ് സീൽ ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണെന്ന് ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്.