പാരീസ്: യൂറോപ്പിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകൾക്കുനേരേ വലിയതോതിലുള്ള സൈബർ ആക്രമണം. സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേറ്ററുകളുടെയും ഫ്രീസറുകളുടെയും ഡിജിറ്റൽ കൺട്രോളറുകൾ വിദൂരനിയന്ത്രണ സംവിധാനത്തിലൂടെ ഹാക്ക് ചെയ്ത കുറ്റവാളികൾ ഉപകരണങ്ങളിലെ ചൂട് അമിതമായി വർധിപ്പിക്കുകയായിരുന്നു. ഫ്രാൻസിൽ ആദ്യം റിപ്പോർട്ട് ചെയ്ത സംഭവം പിന്നീട് സ്പെയിൻ, പോർച്ചുഗൽ, ജർമനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തു.
ഫ്രാൻസിൽ മാത്രം തിങ്കളാഴ്ച രാത്രിയോടെ 700 ഓളം സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങൾ തകർക്കപ്പെട്ടു. ഫ്രീസറുകളുടെ താപനില 50 മുതൽ 80 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ ഇറച്ചി, മത്സ്യം, ഫ്രോസൺ ഭക്ഷണങ്ങൾ ഉൾപ്പടെയുള്ള കോടിക്കണക്കിനു രൂപയുടെ നിത്യോപയോഗ സാധനങ്ങൾ ഉപയോഗശൂന്യമായി. ചിലയിടങ്ങളിൽ ഫ്രിഡ്ജുകൾക്ക് തീപിടിക്കുകയും ചെയ്തു.
ഫ്രാൻസിൽ പ്രമുഖ ബ്രാൻഡുകളായ ഡാൻഫോഴ്സ് , കോപ്ലാൻഡ്, ഡിക്സെൽ എന്നിവയുടെ കൺട്രോളറുകളാണ് ആക്രമിക്കപ്പെട്ടത്. ഉപകരണങ്ങളുടെ സോഫ്റ്റ്വേറുകൾ കാലഹരണപ്പെട്ടതും ഇന്റർനെറ്റിൽ സുരക്ഷയേതുമില്ലാതെ തുറന്നുവച്ചതും ഹാക്കർമാരുടെ ജോലി എളുപ്പമാക്കി. ഫ്രിഡ്ജുകളിലെ ഡിഫ്രോസ്റ്റ് സംവിധാനം ഓൺ ചെയ്തശേഷം താപനില പരിധി പൂർണമായി നീക്കം ചെയ്യുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു വ്യക്തിയോ ഹാക്കിംഗ് ഗ്രൂപ്പോ ഏറ്റെടുത്തിട്ടില്ല. സൈബർ സുരക്ഷാ ഏജൻസികൾ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.