തൃശൂർ: കരിമണൽകേസുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) കേസ് അന്വേഷണം തടസപ്പെടുത്താൻ മുൻ എൽഡിഎഫ് സർക്കാർ വലിയ നീക്കം നടത്തിയെന്നും സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയിട്ടും സ്ഥിതിയിൽ മാറ്റമില്ലെന്നും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
സതീശന് സര്‍ക്കാരിലെ രണ്ടു മന്ത്രിമാര്‍ കരിമണൽ കമ്പനിയുടെ പണം കൈപ്പറ്റിയവരായതിനാൽ മാസപ്പടി കേസ് അട്ടിമറിക്കാന്‍ യുഡിഎഫും ശ്രമിക്കുകയാണ്. കോടിക്കണക്കിനു രൂപയാണ് യുഡിഎഫ് സർക്കാരിലെ രണ്ടു മന്ത്രിമാർക്കു ലഭിച്ചതെന്ന വിവരമാണു പുറത്തുവന്നത്. കേസ് ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ നിലവിലെ സർക്കാരിലെ പല പ്രമുഖരും പ്രതിസന്ധിയിലാകും.
കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം, സംസ്ഥാന പോലീസ് അന്വേഷിച്ചാൽ ഫലപ്രദമായി തെളിയിക്കാൻ കഴിയില്ല. സിഎംആർഎലിന്റെ നീക്കങ്ങൾ കോടതിയിൽ പരാജയപ്പെട്ടതായും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇഡിക്കു നീതി ലഭിച്ചിരുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. പരിശോധനയ്ക്കിടെ ഇഡി ഉദ്യോഗസ്ഥർക്ക് ആവശ്യമായ പോലീസ് സംരക്ഷണം ലഭിച്ചില്ല. ഉദ്യോഗസ്ഥർക്കെതിരേ ആസൂത്രിത ആക്രമണം നടന്നു.
പിന്നീട് ഒത്തുതീർപ്പിന്റെ ഭാഗമായാണു ചിലരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് യുഡിഎഫ് സർക്കാരിനന്റെ നിലപാട് പുറത്തായത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പലരെയും അറസ്റ്റ് ചെയ്തതെന്നും തിരുവനന്തപുരം കോടതികളിൽ അസാധാരണസംഭവങ്ങളാണു നടന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.