Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ ബിജെപി പ്രവര്ത്തകൻ കീഴടങ്ങി. മംഗലപുരം സ്വദേശി രാജു (46) ആണ് കീഴടങ്ങിയത്.
കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പര്യടനത്തിന്റെ ഭാഗമായി വോട്ട് ചോദിച്ചു മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറിപ്പിടിച്ചത്.
കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് ഇന്ന് മംഗലപുരം പോലീസില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
National
ഭുവനേശ്വർ: ഒഡീഷ പോലീസിൽ കീഴടങ്ങാനൊരുങ്ങിയ മാവോയിസ്റ്റ് കമാൻഡറെ സംഘാംഗങ്ങൾ കൊന്നു കുഴിച്ചുമൂടി. രേണു എന്നറിയപ്പെടുന്ന അൻവേഷ് ആണ് കൊല്ലപ്പെട്ടത്.
ഇയാളുടെ തലയ്ക്ക് 22 ലക്ഷം രൂപ വിലയിട്ടിരുന്നു. മാവോയിസ്റ്റ് നേതാവ് സുക്രുവും കൂട്ടാളികളും ചേർന്നാണ് അൻവേഷിനെ ജനുവരി 29നു കൊലപ്പെടുത്തിയത്.ഛത്തീസ്ഗഡിലെ സുക്മ സ്വദേശിയാണ് അൻവേഷ്.
മാവോയിസ്റ്റ് സംഘടനയുടെ ഡിവിഷണൽ കമ്മിറ്റി അംഗവും മിലിട്ടറി പ്ലാറ്റൂൺ കമാൻഡറുമായിരുന്നു അൻവേഷ്. അൻവേഷിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന ജഗേഷിനെ കഴിഞ്ഞ ഞായറാഴ്ച സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
Kerala
കോഴിക്കോട്: മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് എം.എ. ഷഹനാസ് കോടതിയിൽ കീഴടങ്ങി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഷഹനാസ് കീഴടങ്ങിയത്. ഇവർക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എഴുത്തുകാരൻ വി. ആർ. സുധീഷ് നൽകിയ പരാതിയിലാണ് ഷഹനാസ് കോടയിൽ ഹാജരായത്. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം.
സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വി.ആർ. സുധീഷ് ഷഹനാസിനെതിരേ മാനനഷ്ടക്കേസ് ഫയൽചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ആവശ്യം.
International
ജനീവ: അമേരിക്കയുമായുള്ള രണ്ടാം ഘട്ട ആണവചർച്ചകൾക്കു മുന്നോടിയായി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ജനീവയിൽ ഇറാൻ-അമേരിക്ക ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്ന ഒമാൻ വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്നും അരാഗ്ചി പറഞ്ഞു. ഇതിനിടെ, അമേരിക്ക ഉപരോധം പിൻവലിച്ചാൽ ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന് ഇറേനിയൻ വിദേശകാര്യ സഹമന്ത്രി മജിദ് തഖ്ത് റവാഞ്ചി പറഞ്ഞു. പന്ത് അമേരിക്കയുടെ കോർട്ടിലാണ്.
കരാറിലെത്താൻ താത്പര്യമുണ്ടെന്ന് അമേരിക്ക തെളിയിക്കണം. അവരുടെ ഭാഗത്ത് ആത്മാർഥതയുണ്ടായാൽ കരാറിലെത്തുമെന്ന് ഉറപ്പുണ്ട്. ഉപരോധങ്ങളെക്കുറിച്ച് സംസാരിക്കാൻ അവർ തയാറാണെങ്കിൽ, മറ്റു വിഷയങ്ങളും ചർച്ച ചെയ്യാൻ തയാറാണ്-മജിദ് തഖ്ത് റവാഞ്ചി കൂട്ടിച്ചേർത്തു.
ഈ മാസം ആറിന് ഒമാനിലാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ആദ്യവട്ട ചർച്ച നടന്നത്. ഇന്നും നാളെയും ജനീവയിൽ റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികളുമായും അമേരിക്ക ചർച്ച നടത്തുന്നുണ്ട്. ജൂണിൽ ഇസ്രയേലുമായുള്ള യുദ്ധത്തെത്തുടർന്ന് ആണവ ഏജൻസിയുമായുള്ള (ഐഎഇഎ) എല്ലാ സഹകരണവും ഇറാൻ നിർത്തിവച്ചിരുന്നു. ഇതിനു ശേഷമുള്ള സുപ്രധാന കൂടിക്കാഴ്ചയാണ് ഗ്രോസിയുമായി നടന്നത്. യുദ്ധത്തിനുശേഷം ഇറാന്റെ യുറേനിയം ശേഖരത്തിന്റെ സ്ഥിതി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഐഎഇഎ അറിയിച്ചിരുന്നു.
യുദ്ധത്തിൽ കേടുപാടുകൾ സംഭവിക്കാത്ത സ്ഥലങ്ങളിലേക്ക് ഇറാൻ ഐഎഇഎയ്ക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്, എന്നാൽ, മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാൻ ഇൻസ്പെക്ടർമാരെ അനുവദിച്ചിട്ടില്ല. ഈ സ്ഥലങ്ങൾ ഇപ്പോൾ സുരക്ഷിതമല്ലെന്നാണ് ഇറാന്റെ മറുപടി.
അതേസമയം, ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വൻ സൈനിക സന്നാഹമൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ അമേരിക്ക പ്രദേശത്ത് വിന്യസിച്ചിരുന്നു.
യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പൽ അറേബ്യൻ കടലിൽ ഒമാൻ തീരത്തുള്ളതായി ബിബിസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം അമേരിക്ക ഇറേനിയൻ ആണവകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്കുശേഷം പരസ്പരം വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും അതു ഫലത്തിൽ ദുർബലമാണ്.
മേഖലയിലേക്ക് അമേരിക്ക രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽകൂടി അയച്ചതോടെ ഇറാൻ തിങ്കളാഴ്ച നാവികാഭ്യാസം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഇറേനിയൻ വിപ്ലവഗാർഡ് അഭ്യാസം ആരംഭിച്ചതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ലോകത്തിലെ എണ്ണയുടെ 20 ശതമാനം കടന്നുപോകുന്ന നിർണായക അന്താരാഷ്ട്ര വ്യാപാര ജലപാതയിലാണ് ഇറാൻ നാവികാഭ്യാസം നടത്തുന്നത്.
National
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ഇന്ത്യയുടെ കരാറിനെ കീഴടങ്ങലെന്ന് വിശേഷിപ്പിച്ചു പ്രതിപക്ഷം. തോക്കിൻമുനയിലെന്നോണം സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇന്ത്യ കരാറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതമായതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മരണമണി മുഴക്കുന്ന കരാറില്‍ ഒപ്പിട്ടതിലൂടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനു മുന്നില്‍ മോദി സര്‍ക്കാര്‍ അടിയറവ് പറഞ്ഞുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും അഖിലേന്ത്യാ കിസാന്‍ സഭയും പ്രതികരിച്ചു.
കരാറില്‍ ഇന്ത്യയും യുഎസും നടത്തിയ സംയുക്ത പ്രസ്താവനയില്‍ നിരവധി കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് വിഷയത്തില്‍ പ്രതികരിച്ചത്. സംയുക്ത പ്രസ്താവനയില്‍ “സര്‍പ്ലസ് ഉത്പന്നങ്ങള്‍’’ എന്നൊരു വിഭാഗമുണ്ടെന്നും എന്നാല്‍ ഇത് ഏതൊക്കയെന്ന് വ്യക്തമാക്കുന്നില്ലെന്നും ജയ്റാം പറഞ്ഞു.
യുഎസില്‍നിന്നുള്ള ഭക്ഷ്യ-കാര്‍ഷികോത്പന്നങ്ങളുടെ തടസങ്ങള്‍ നീക്കാന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ടെന്നും ജനിതകമാറ്റംവരുത്തിയ വിളകളുടെയും (ജിഎം ക്രോപ്സ്) പാലുത്പന്നങ്ങളുടെയും തടസമല്ലെങ്കില്‍ പിന്നെന്താണ് യഥാര്‍ഥത്തില്‍ ഇത് അര്‍ഥമാക്കുന്നതെന്ന് ജയ്റാം ചോദിച്ചു.
കാര്‍ഷികമേഖലയില്‍ ഒരിളവും തുറന്നുകൊടുത്തിട്ടില്ലെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ അവകാശപ്പെട്ടത് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും യഥാര്‍ഥത്തില്‍ ഉയര്‍ന്ന സബ്സിഡിയുള്ള ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വ്യാപാരങ്ങളിലേക്ക് കടന്നുവരുന്നതിനും വിലകള്‍ തകരുന്നതിനും കരാര്‍ കാരണമാകുമെന്നും അഖിലേന്ത്യാ കിസാന്‍ സഭ പ്രസ്താവനയിൽ പറഞ്ഞു.
കരാറിലൂടെ ഇന്ത്യക്ക് അമേരിക്ക 18 ശതമാനം തീരുവ ചുമത്തുന്നതും തിരിച്ച് ഇന്ത്യ അമേരിക്കക്ക് പൂജ്യം ശതമാനം തീരുവ ചുമത്തുന്നതും സ്വതന്ത്ര വ്യാപാരമല്ലെന്നായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വിമര്‍ശനം. കരാറിനെതിരേ അഖിലേന്ത്യാ കിസാന്‍ സഭയും സംയുക്ത കിസാന്‍ മോര്‍ച്ചയും ഈ മാസം 12ന് പൊതുസമരം നടത്തുമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
National
ബിജാപുർ: ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനു കീഴിലുള്ള ബിജാപുർ, സുക്മ ജില്ലകളിൽനിന്നായി 51 നക്സലുകൾ പോലീസിനു മുന്‍പാകെ കീഴടങ്ങി. കീഴടങ്ങിയവരിൽ 34 പേർ സ്ത്രീകളാണ്.
ത്രിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമുവും ആഭ്യന്തരമന്ത്രി അമിത് ഷായും സംസ്ഥാനത്ത് എത്താനിരിക്കെയാണു കീഴടങ്ങൽ. ഇരുപതു സ്ത്രീകൾ ഉൾപ്പെടെ 30 പേർ ബസ്തറിലും 14 സ്ത്രീകൾ ഉൾപ്പെടെ 21 പേർ ബിജാപുരിലും കീഴടങ്ങിയെന്നു ബസ്തർ റേഞ്ച് ഐജി സുന്ദർരരാജ് അറിയിച്ചു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിൽ ആകൃഷ്ടരായാണ് മാവോയിസ്റ്റുകളുടെ കീഴടങ്ങൽ.
National
റായ്പുർ: ഛത്തീസ്ഗഡിൽ ഒൻപത് മാവോയിസ്റ്റുകൾ കീഴടങ്ങി. ഒഡീഷ മാവോയിസ്റ്റ് കമ്മിറ്റിയിലെ ധംതാരി-ഗരിയബന്ദ്-നുവപാദ ഡിവിഷനു കീഴിലുള്ള നാഗ്രി, സിതനാദി ഏരിയ കമ്മിറ്റികളിലും മെയിൻപുർ ലോക്കൽ ഗറില്ല സ്ക്വാഡിന്റെയും (എൽജിഎസ്) ഭാഗമായ മാവോയിസ്റ്റുകളാണ് പിടിയിലായതെന്ന് റായ്പുർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അമ്രേഷ് മിശ്ര പറഞ്ഞു.
ഇവരിൽ ഏഴ് പേർ വനിതകളാണ്. കീഴടങ്ങിയവരിൽ സീതാനടി ഏരിയാ കമ്മിറ്റി സെക്രട്ടറി ജ്യോതി (ജൈനി -28), ഡിവിഷൻ കമ്മിറ്റി അംഗം ബാലമ്മ (ഉഷ-45) എന്നിവരുടെ തലയ്ക്ക് സർക്കാർ എട്ട്ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു.
രാംദാസ് മർകം (30), റോണി (ഉമ-25), നിരഞ്ജൻ (പൊടിയ-25), സിന്ധു (സോമാദി-25), ചിറോ (റീന-25), സന്നി (അമില -25) എന്നിവരുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വീതവും ലക്ഷ്മി (18)യുടെ തലയ്ക്ക് ഒരു ലക്ഷം രൂപയും സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു.
ബാലമ്മ തെലങ്കാനയിൽ നിന്നുള്ളയാളാണ്. മറ്റുള്ളവർ ഛത്തീസ്ഗഡിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണെന്ന് അമ്രേഷ് മിശ്ര പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മുമ്പാകെയാണ് ഇവർ കീഴടങ്ങിയത്.
അഞ്ച് പേർ രണ്ട് ഇൻസാസ് റൈഫിളുകൾ, രണ്ട് സിംഗിൾ ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), ഒരു കാർബൈൻ, ഒരു മസിൽ-ലോഡിംഗ് തോക്ക് എന്നിവയും പോലീസിന് കൈമാറി. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഇതുവരെ കീഴടങ്ങിയ മാവോയിസറ്റുകളുടെ എണ്ണം189 ആയി.
National
സുക്മ: ഛത്തീസ്ഗഡിൽ തലയ്ക്ക് രണ്ടുലക്ഷം വിലയിട്ട ദണ്ഡകാരണ്യ ആദിവാസി കിസാൻ മസ്ദൂർ സംഘടനയുടെ തലവൻ പോഡിയം ബുധ്ര ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ സുക്മ പോലീസിനു മുന്‍പാകെ ആയുധംവച്ചു കീഴടങ്ങി.
ഗോകുണ്ട മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന മാവോയിസ്റ്റ് സംഘത്തിലെ അംഗങ്ങളാണിവർ. ദർഭയിലെ കൊടുംവനത്തിനുള്ളിലാണ് ഇവർ താമസിച്ചിരുന്നത്.
അതിനാൽ ഇവരെ പിടികൂടുന്നത് സൈന്യത്തിനു ശ്രമകരമായ ദൗത്യമായിരുന്നു. എന്നാൽ, ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്യാന്പ് സ്ഥാപിച്ച് മാവോയിസ്റ്റ് വേട്ടയ്ക്കു നേതൃത്വം നൽകിയതോടെ ഗത്യന്തരമില്ലാതെയാണ് ഇവർ കീഴടങ്ങിയതെന്നാണു വിവരം.
29 പേരെയും പുനരധിവസിപ്പിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടതായി സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു.
ജനുവരി എട്ടിന് ദന്തേവാഡയിൽ 63 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു. 2025 ൽ ഛത്തീസ്ഗഡിൽ മാത്രം 1500നു മുകളിൽ മാവോയിസ്റ്റുകളാണ് സായുധവിപ്ലവ മാർഗത്തിൽനിന്നു സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയത്.
National
ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ 18 സ്ത്രീകളും 45 പുരുഷന്മാരും ഉൾപ്പെടെ 63 മാവോയിസ്റ്റുകൾ പോലീസിനു മുന്‍പാകെ കീഴടങ്ങി.
ഇവരെ പിടികൂടുന്നതിനായി സർക്കാർ 1.19 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നതാണ്.
National
സുക്മ: ഛത്തീസ്ഗഡിൽ 26 മാവോയിസ്റ്റുകൾ കീഴടങ്ങി. കീഴടങ്ങിയവരിൽ ഏഴു വനിതകളും ഉൾപ്പെടുന്നു.
ലാലി എന്നറിയപ്പെടുന്ന മുചാകി ആയതേ ലഖ്മു (35), ഹേമ്ല ലഖ്മ, ആസ്മിത, പദം ജോഗി, സുനദം പാലെ എന്നിവർ ഉൾപ്പെടെയുള്ളവരാണു കീഴടങ്ങിയത്. 17 സുരക്ഷാസൈനികർ കൊല്ലപ്പെട്ട മിൻപ ആക്രമണത്തിൽ ലഖ്മ പങ്കാളിയായിരുന്നു.
National
റായ്പുർ: രണ്ടായിരത്തിലധികം മാവോയിസ്റ്റുകൾ കീഴടങ്ങിയതായി ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്. അക്രമത്തിന്റെയും വെടിവയ്പ്പിന്റെയും ഭാഷ ഉപേക്ഷിച്ച് വികസനത്തിന്റെ മുഖ്യധാരയിലേക്ക് അണിനിരക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഛത്തിസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ ഏറെ കാലമായി രൂക്ഷമായി തുടരുന്നതിനിടയിലാണ് വിഷ്ണു ദിയോ സായ് കീഴടങ്ങിയവരുടെ കണക്കുകൾ പുറത്തുവിട്ട് രംഗത്തെത്തിയത്.
കീഴടങ്ങുന്നവർക്കായി പുനരധിവാസ നയം രൂപപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കീഴടങ്ങുന്നവർക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനൊപ്പം പ്രതിമാസം 10,000 രൂപ സാമ്പത്തിക സഹായവും നൽകുന്നുണ്ട്.
ഇതുകൂടാതെ പുനരധിവാസ നയത്തിൽ കൃഷിക്ക് ഭൂമി നൽകുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുന്നു. നഗരപ്രദേശങ്ങളിൽ വീട് നിർമിക്കുന്നതിന് ഭൂമി നൽകുമെന്നും വിഷ്ണു ദിയോ സായ് അറിയിച്ചു.
National
രാജ്നന്ദ്ഗാവ്: മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി (എംസിസി) അംഗം ദേവു മാജിയും ഭാര്യയും ഉൾപ്പെടെ 12 മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കീഴടങ്ങി. ആറു പേർ സ്ത്രീകളാണ്.
മൂന്ന് എകെ 47 റൈഫിളുകൾ ഉൾപ്പെടെ ആയുധങ്ങൾ മാവോയിസ്റ്റുകൾ കൈമാറി. 1.05 കോടി രൂപയാണ് മാജിയുടെ തലയ്ക്കു വിലയിട്ടിരുന്നത്. ഇയാളുടെ ഭാര്യ ലളിത ഡിവിഷണൽ കമ്മിറ്റി അംഗമാണ്.
National
റായ്പുർ: ഛത്തീസ്ഗഡിൽ 78 മാവോയിസ്റ്റുകൾ കീഴടങ്ങി. മൂന്ന് ജില്ലകളിൽ നിന്നായി 43 സ്ത്രീകളും ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും ഉൾപ്പടെയാണ് കീഴടങ്ങിയത്.
കീഴടങ്ങിയവർ ഏഴ് എകെ-47 തോക്കുകളും നിരവധി ആയുധങ്ങളും കൈമാറി. സായുധ പോരാട്ടം ഉപേക്ഷിക്കാനുള്ള അവരുടെ നീക്കത്തെ മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് പ്രശംസിച്ചു.
സുക്മ ജില്ലയിൽ മാത്രം പത്ത് സ്ത്രീകൾ ഉൾപ്പെടെ 27 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. ഇവരിൽ 16 പേരുടെ തലയ്ക്ക് സർക്കാർ 50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
കാങ്കർ ജില്ലയിൽ, മാവോയിസ്റ്റിന്റെ പ്രധാന സംഘടനയായ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി (ഡികെഎസ്ഇസഡ്സി) യിലെ രണ്ട് അംഗങ്ങളും 32 വനിതാ കേഡറുകളും ഉൾപ്പെടെ 50 പേർ ബിഎസ്എഫ് ക്യാമ്പിൽ കീഴടങ്ങി.
ബസ്തർ മേഖലയും മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളും ചേർന്നതാണ് വിശാലമായ ദണ്ഡകാരണ്യ മേഖല. കൊണ്ടഗാവ് ജില്ലയിൽ തലയ്ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഒരു വനിതാ കേഡർ കീഴടങ്ങി.
ഡികെഎസ്ഇസഡ്സി അംഗങ്ങളായ രാജ്മാൻ മാണ്ഡവി, രാജു സലാം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മാവോയിസ്റ്റ് കേഡർമാർ കാങ്കറിലെ കൊയ്ലൈബേഡ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിഎസ്എഫിന്റെ 40-ാം ബറ്റാലിയനിലെ കാംതേര ക്യാമ്പിലെത്തിയാണ് കീഴടങ്ങിയത്.
ഏഴ് എകെ-47 റൈഫിളുകൾ, രണ്ട് സെൽഫ് ലോഡിംഗ് റൈഫിളുകൾ, നാല് ഇൻസാസ് റൈഫിളുകൾ, ഒരു ഇൻസാസ് എൽഎംജി (ലൈറ്റ് മെഷീൻ ഗൺ), ഒരു സ്റ്റെൻ ഗൺ എന്നിവയുൾപ്പെടെ 39 ആയുധങ്ങളും ഇവർ കൈമാറി.
കീഴടങ്ങിയവരിൽ ഡിവിഷണൽ കമ്മിറ്റിയിലെ പ്രസാദ് തദാമി, ഹീരാലാൽ കൊമ്ര, ജുഗ്നു കൊവാച്ചി, നർസിംഗ് നേതം, നന്ദേ (രാജ്മാൻ മാണ്ഡവിയുടെ ഭാര്യ)എന്നിവരും ഉൾപ്പെടുന്നു.