റാഞ്ചി: ജാർഖണ്ഡിൽ 27 മാവോയിസ്റ്റുകൾ പോലീസിന് മുന്നിൽ കീഴടങ്ങി. മുതിർന്ന നേതാവ് മിസിർ ബെസ്രയുടെ സംഘത്തിലുള്ളവരാണ് കീഴടങ്ങിയത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട കീഴടങ്ങലാണ് ഇതെന്ന് പോലീസ് പറഞ്ഞു.
മാവോയിസ്റ്റ് കീഴടങ്ങൽ-പുനരധിവാസ നയത്തിന്റെ ഭാഗമായി ആരംഭിച്ച ഓപ്പറേഷൻ നവജീവൻ പ്രകാരമാണ് കീഴടങ്ങൽ നടന്നത്. ബെസ്രയുമായി ബന്ധമുള്ള 25-ലധികം മാവോവാദികൾ വ്യാഴാഴ്ച കീഴടങ്ങുമെന്ന് ഐജി (ഓപ്പറേഷൻസ്) നരേന്ദ്ര കുമാർ സിംഗ് നേരത്തേ അറിയിച്ചിരുന്നു.
കീഴടങ്ങിയവരിൽ മിസിർ ബെസ്ര (സാഗർ ജി), കോൾഹാൻ-സാരന്ദ മേഖലകളിൽ സജീവമായ അസിം മണ്ഡൽ എന്നിവരുടെ സംഘത്തിലെ ഉന്നത കമാൻഡർമാരും അംഗങ്ങളും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് വൻതോതിൽ ആയുധശേഖരം കണ്ടെടുത്തിട്ടുണ്ട്.
ഒളിവിൽ കഴിയുന്ന മിസിർ ബെസ്രയെ കണ്ടെത്താനുള്ള തെരച്ചിൽ സുരക്ഷാസേന ഊർജ്ജിതമാക്കിയിരിക്കുകയാണ്. മേഖലയിൽ പുതിയ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ച് മാവോവാദി സ്വാധീനം പൂർണമായും ഇല്ലാതാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.