മൂവാറ്റുപുഴ: നഗരപരിധിയിലെ അനധികൃത ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും പുറമ്പോക്ക് ഭൂമി കണ്ടെത്താനുമുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചു. മാത്യു കുഴല്നാടന് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് റവന്യു വകുപ്പ് നടപടികള്‍ വേഗത്തിലാക്കിയത്.
കഴിഞ്ഞ ആഴ്ച എംഎല്‍എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ ഇതു സംബന്ധിച്ചു കര്‍ശന നിർദേശം നല്‍കിയിരുന്നു.
സര്‍വേ പൂര്‍ത്തിയാകുന്നതോടെ കൈയേറ്റങ്ങള്‍ കണ്ടെത്തി അവ ഒഴിപ്പിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം റവന്യു വകുപ്പ്, കെആര്‍എഫ്ബി, നാഷണല്‍ ഹൈവേ അഥോറിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തിയിരുന്നു.
നഗരത്തിലെ പ്രധാന റോഡുകള്‍, ഓടകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയോട് ചേര്‍ന്നുള്ള കൈയേറ്റങ്ങളാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. റവന്യൂ വകുപ്പ് ഇതിനായി പ്രത്യേക സർവേയനെ നിയോഗിച്ചിട്ടുണ്ട്. സര്‍വേ പൂര്‍ത്തിയാകുന്നതോടെ അനധികൃത കൈയേറ്റങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുകയും അവ ഒഴിപ്പിക്കുന്നതിനുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കുകയും ചെയ്യും. വീണ്ടെടുക്കുന്ന ഭൂമി നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
നഗരത്തിന്റെ വികസനത്തിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പുറമ്പോക്ക് ഭൂമികള്‍ വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. കെആര്‍എഫ്ബി ഉദ്യോഗസ്ഥരായ പോള്‍ തോംസണ്‍, ബിനു മേരി തോമസ്, സര്‍വേയര്‍ ബിനു കുമാര്‍, നാഷണല്‍ ഹൈവേ അഥോറിറ്റി പ്രതിനിധി കെ.പി. ഗണേഷ് എന്നിവര്‍ പങ്കെടുത്തു.