ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ നൽസാർ നിയമ സർവകലാശാലയിൽ നിന്ന് 2026-ൽ ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് അഭിഭാഷകരായി എൻറോൾ ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യ പിൻവലിച്ചു. ബിരുദദാന ചടങ്ങിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിച്ചതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചതിന് പിന്നാലെയാണ് 2026 ബാച്ചിലെ വിദ്യാർത്ഥികളെ വിലക്കിക്കൊണ്ട് ബിസിഐ ആദ്യം ഉത്തരവിറക്കിയത്. എന്നാൽ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ മണിക്കൂറുകൾക്കകം ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.
വിശദമായ ചർച്ചകൾക്ക് ശേഷം നൽസാർ വിഷയത്തിൽ മുൻ ഉത്തരവിൽ മാറ്റം വരുത്തിയതായി ബിസിഐ ചെയർപേഴ്സൺ മനൻ കുമാർ മിശ്ര അറിയിച്ചു. "2026-ൽ പാസാകുന്ന എല്ലാ നൽസാർ വിദ്യാർത്ഥികൾക്കും ഇനി സംസ്ഥാന ബാർ കൗൺസിലുകളിൽ എൻറോൾ ചെയ്യാൻ അർഹതയുണ്ടാകും. സംഭവത്തിൽ വസ്തുതാപരമായ അന്വേഷണം തുടരും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ഒരു തെറ്റും ചെയ്യാത്ത വിദ്യാർഥികൾ ബുദ്ധിമുട്ടാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളുടെയും ഇതിന് പ്രേരിപ്പിച്ച അധ്യാപകരുടെയും വിവരങ്ങൾ നൽകാൻ നൽസാർ അധികൃതർക്ക് ബിസിഐ മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ ഓഫീസിനോട് ബഹുമാനമില്ലാത്ത നിയമ വിദ്യാർഥികൾക്ക് ഉത്തരവാദിത്തമുള്ള അഭിഭാഷകനോ ജഡ്ജിയോ ആകാൻ കഴിയില്ലെന്നും അവർ നിയമരംഗത്തിന് ബാധ്യതയാകുമെന്നും ബിസിഐ പ്രസ്താവനയിൽ പറഞ്ഞു.
ജൂലൈ 20ന് ജന്തർമന്തറിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടന്ന 'ചലോ സൻസദ്' മാർച്ചിൽ പങ്കെടുത്തവർക്ക് നേരെ പോലീസ് അതിക്രമം നടന്നിരുന്നു. നീറ്റ് പരീക്ഷാ വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ഇതിനെതിരായ ഹർജി പരിഗണിക്കവെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശങ്ങളാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത