വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മിഡ്ടേം തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി പരാജയത്തിനു പിന്നാലെ ട്രംപ് മന്ത്രിസഭയിൽ ആദ്യ അഴിച്ചുപണി. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽനിന്ന് സൂസി വൈൽസിനെ ട്രംപ് നീക്കം ചെയ്തു.
പകരം തന്റെ ഏറ്റവും വിശ്വസ്തനായ സ്റ്റീഫൻ മില്ലറിനെ ഈ പദവിയിൽ നിയമിച്ചു.
ട്രംപിന്റെ ഏറ്റവും പ്രധാന ഉപദേഷ്ടാവായ മില്ലർ, പ്രസിഡന്റിന്റെ സർവാധിപത്യത്തിനായി നിലകൊള്ളുന്നയാളാണ്. കോൺഗ്രസിലെ ഇരുസഭകളിലും ഭൂരിപക്ഷം നേടിയ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുമായി യുദ്ധത്തിനു തയാറാണെന്ന പ്രഖ്യാപനമാണ് മില്ലറിന്റെ നിയമനത്തിലൂടെ ട്രംപ് നടത്തുന്നത്.
തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റെങ്കിലും ട്രംപിന്റെ നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന വ്യക്തമായ സന്ദേശമാണ് മില്ലറിന്റെ നിയമനം നല്കുന്നതെന്ന് ചില വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഒരുതരത്തിലും വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത മില്ലർ, കുടിയേറ്റമടക്കമുള്ള വിവാദ വിഷയങ്ങളിൽ ട്രംപിന്റെ നയം തുടരുന്നുവെന്ന് ഉറപ്പാക്കും.
നാല്പത്തിയൊന്നുകാരനായ മില്ലർ വൈറ്റ് ഹൗസിൽ സൂസി വൈൽസിനു കീഴിൽ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു. എന്നാൽ കുടിയേറ്റമടക്കമുള്ള ട്രംപിന്റെ ആഭ്യന്തരനയങ്ങളിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് മില്ലറായിരുന്നു.
കോൺഗ്രസിൽ ഡെമോക്രാറ്റുകളുമായി ഒത്തുപോകാൻ തയാറാണെന്നാണ് ട്രംപ് പറഞ്ഞിട്ടുള്ളത്. സെനറ്റും ജനപ്രതിനിധിസഭയും എടുക്കുന്ന തീരുമാനങ്ങളെ മറികടക്കാൻ തനിക്ക് വീറ്റോ അധികാരം ഉണ്ടെന്നും ട്രംപ് മുന്നറിയിപ്പു നല്കിയിട്ടുണ്ട്.