ന്യൂഡൽഹി: 24 അക്ബർ റോഡിലെ കോണ്ഗ്രസ് കാര്യാലയത്തിൽ ദീപദാസ് മുൻഷി കോണ്ഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്പ് വരെ ഡൽഹിയിൽ നടന്നത് നാടകീയ നീക്കങ്ങൾ. തെരഞ്ഞെടുപ്പിനുശേഷം ചരടുവലികൾക്കും അനൗദ്യോഗിക സന്ദർശനങ്ങൾക്കും വേദിയായ ഡൽഹിയിൽ അവസാന രണ്ട് ദിവസങ്ങളിലും ട്വിസ്റ്റുകൾ നിറഞ്ഞാടുകയായിരുന്നു.
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ബുധനാഴ്ചയോടെയുണ്ടാകുമെന്ന് എഐസിസി നേതൃത്വം നൽകിയ സൂചനകളനുസരിച്ച് ജനങ്ങളും മാധ്യമങ്ങളും തയാറെടുത്തെങ്കിലും അപ്പോഴും ഒരൊറ്റ പേരിലേക്കെത്തിയിരുന്നില്ല. രാവിലെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുതിർന്ന കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ വന്നതിനു പിന്നാലെ കാത്തിരിപ്പും നീണ്ടു.
ഉച്ച കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ കാർ ഖാർഗെയുടെ വസതിയുടെ കവാടം കടന്നപ്പോൾ നേതാക്കൾ അന്തിമ തീരുമാനമെടുത്തുവെന്നും പ്രഖ്യാപനം രാജാജി മാർഗിലുള്ള പത്താം നന്പർ വസതിയിൽത്തന്നെ ഉണ്ടാകുമെന്നുമുള്ള പ്രതീതി വന്നു.
എന്നാൽ രാഹുലിന്റെ കാർ ഗേറ്റിനു പുറത്തേക്കു പോയപ്പോൾ ഖാർഗെയുടെ വസതിയിൽ പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതകളും അസ്തമിച്ചു. ആ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെച്ചത് എഐസിസിയുടെ കമ്മ്യൂണിക്കേഷൻസ് വിഭാഗം ജനറൽ സെക്രട്ടറിയായ ജയ്റാം രമേശിന്റെ കാർ ഗേറ്റിനകത്തേക്ക് കടന്നപ്പോഴാണ്. എന്നാൽ പുറത്തുകാത്തുനിന്ന മാധ്യമപ്രവർത്തകർക്കുമുന്നിലേക്ക് 15 മിനിറ്റിനു ശേഷം കടന്നുവന്ന ജയ്റാം രമേശ് പറഞ്ഞതാകട്ടെ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് മാത്രം.
എഐസിസി നേതൃത്വം പ്രഖ്യാപനത്തിനായി തീരുമാനിച്ച ദിവസവും പ്രഖ്യാപനം എങ്ങനെ വരുമെന്നോ എന്താണെന്നോ മുതിർന്ന നേതാക്കൾക്കടക്കം പിടികിട്ടിയിരുന്നില്ല. ഹൈക്കമാൻഡിന്റെ ‘ഉള്ളിലിരിപ്പ്’ ഒരുതരത്തിലും തുളുന്പാത്തത്തിനാൽ ഡൽഹിയിൽ ഖാർഗെയുടെയും വേണുഗോപാലിന്റെയും വസതിക്കുമുന്നിൽ രാവിലെ മുതൽ മാധ്യമങ്ങൾ തന്പടിച്ചുതുടങ്ങിയിരുന്നു.
പ്രഖ്യാപനം കേരളത്തിൽ നടക്കുന്ന നിയമസഭാകക്ഷി യോഗത്തിലാണോ അതോ ഡൽഹിയിലാണോ എന്നു സംശയിച്ചുനിൽക്കവെ 24 അക്ബർ റോഡിലെ കോണ്ഗ്രസ് കാര്യാലയത്തിൽ ദീപ ദാസ്മുൻഷി, മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരുടെ വാർത്താസമ്മേളനം കൃത്യം പന്ത്രണ്ടിനു നടക്കുമെന്ന അറിയിപ്പ് വന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും കേരളത്തിലേക്ക് അയക്കപ്പെട്ട രണ്ട് നിരീക്ഷകരും ഡൽഹിയിൽ വാർത്താസമ്മേളനം നടത്തുന്നുവെന്ന സന്ദേശം എന്തിനു വേണ്ടിയുള്ളതാണെന്ന് വ്യക്തമായിരുന്നെങ്കിലും ആ പേര് ആരാണെന്നതിൽ എഐസിസി നേതൃത്വം അവസാനം വരെ സസ്പെൻസ് നിലനിർത്തി.