ബിർമിംഗ്ഹാം: വലിയ നോമ്പിൽ വചനം പഠിക്കാം - “Let Us Learn the Word During Sauma Ramba” എന്ന സന്ദേശവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പൊസ്തലേറ്റിന്റെ (Bible Apostolate, CSMEGB) നേതൃത്വത്തിൽ നടക്കുന്ന സുവാറ 2026 ബൈബിൾ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ ഏപ്രിൽ 11ന് ലിവർപൂളിൽ നടക്കും.
നാല് വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി നടത്തപ്പെട്ട മത്സരത്തിന്റെ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയ മത്സരാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു.
രൂപതയുടെ വിവിധ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നായി 2400-ലധികം മത്സരാർഥികൾ പങ്കെടുത്ത ഈ വർഷത്തെ മത്സരങ്ങൾ പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ഏറെ ശ്രദ്ധേയമായി.
ഈ നോമ്പുകാലത്ത് തിരുവചനം ആഴത്തിൽ വായിക്കാനും മനനം ചെയ്യുവാനും മത്സരാർഥികളെ പ്രാപ്തരാക്കി. വിവിധ പ്രായപരിധിക്കാർക്കായി നടത്തപ്പെട്ട മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ആറ് മത്സരാർഥികൾ വീതമാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
ഫൈനൽ മത്സരങ്ങൾ ലിവർപൂളിലെ ലിതർലാൻഡിലുള്ള ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോമലബാർ കാത്തലിക് പള്ളിയിൽ (Our Lady Queen of Peace Syro-Malabar Catholic Church, Kirkstone Rd W, Litherland, Liverpool L21 0EQ) വച്ചാണ് നടക്കുന്നത്. രാവിലെ ഒമ്പത് മുതൽ മത്സരങ്ങൾക്ക് തുടക്കം കുറിക്കും.
തിരുവചനത്തിന്റെ "സദ്വാർത്ത' എന്നാണ് സുവാറ എന്ന പദം കൊണ്ട് അർഥമാക്കുന്നത്. കുട്ടികളിലും മുതിർന്നവരിലും ദൈവവചനത്തിന്റെ സദ്വാർത്ത എത്തിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ബൈബിൾ അപ്പൊസ്തലേറ്റ് ഓരോ വർഷവും സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുക.
ഈ വർഷം ഫെബ്രുവരി മാസത്തിൽ ആരംഭിച്ച ഗ്രാൻഡ് മിഷൻ തുടർന്ന് എല്ലാ ശനിയാഴ്ചകളിലും ഓൺലൈൻ ആയി ആണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. ഫൈനൽ മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.