വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്തിൽ പന്നിയങ്കര വാർഡിൽ നിന്നുള്ള മെംബർ സുനിൽ ചുവട്ടുപാടം ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു പുതിയ റെക്കോർഡിട്ടു. തെരഞ്ഞെടുപ്പിൽ വിജയിച്ച ഒരു ജനപ്രതിനിധി മൂന്നുതവണ സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുന്നത് അപൂർവമാണെന്നു ചൂണ്ടിക്കാട്ടുന്നു. ഇന്നലെ രാവിലെ പത്തരയ്ക്ക് പ്രസിഡന്റിന്റെ ചേംബറിലായിരുന്നു ലളിതമായ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
മൂന്നാമത് സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതിന്റെ ആവശ്യകത സെക്രട്ടറി ടി.എസ്.അഭിൻ വിശദീകരിച്ചു. നേരത്തെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതായിരുന്നു പിശകുകൾക്ക് തുടക്കമായത്.
ഉമ്മൻചാണ്ടിയോടുള്ള ആദരവും സ്നേഹവും മൂത്താണ് സത്യപ്രതിജ്ഞയിൽ ഉമ്മൻചാണ്ടിയുടെ പേരുപറഞ്ഞത്. ഇത്രയൊക്കെ പൊല്ലാപ്പാകുമെന്ന് സുനിലും കരുതിയില്ല. എന്നാൽ ഇതിനെതിരേ വടക്കഞ്ചേരി ടൗൺ വാർഡംഗം സിപിഎമ്മിലെ സി. കണ്ണൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി 1994ലെ പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് സത്യപ്രതിജ്ഞ ചട്ടവിരുദ്ധമായിരുന്നെന്നു കണ്ടെത്തി. നാലാഴ്ചക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഉത്തരവിട്ടു.
ഈ ഉത്തരവുപ്രകാരം സുനിൽകൂടി വോട്ടുചെയ്ത് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ കൂടി അസാധുവാകുമെന്നായിരുന്നു നിയമോപദേശം. ഇതിനാൽ രണ്ടാമതും സുനിൽ സത്യപ്രതിജ്ഞ ചെയ്തു.
അത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മോഹൻദാസിനു മുമ്പാകെയായിരുന്നു. രണ്ടാഴ്ചക്കാലം അമ്പിളിയായിരുന്നു പ്രസിഡന്റ് റോളിൽ. പഞ്ചായത്തിലെ സംഭവവികാസങ്ങൾ സംബന്ധിച്ച് സംസ്ഥാന ഇലക്്ഷൻ കമ്മീഷന് അധികൃതർ റിപ്പോർട്ടുനൽകി.
മറുപടിയായിവന്ന കത്തിൽ വ്യക്തതയില്ലാതിരുന്നത് പിന്നീടും ആശയക്കുഴപ്പങ്ങളുണ്ടാക്കി. തെരഞ്ഞെടുപ്പ് ആവശ്യമുള്ള പക്ഷം തുടർനടപടികൾ അറിയിക്കാം എന്നായിരുന്നു കത്തിൽ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ വീണ്ടും നടത്തണോ വേണ്ടയോ എന്ന് കത്തിൽ വ്യക്തമാക്കിയിരുന്നില്ല. ഇതിൽ വ്യക്തതതേടി കോൺഗ്രസ് നേതൃതവവും ഭരണസമിതിയും നിരന്തര ഇടപെടലുകൾ നടത്തി.
ഇതേ തുടർന്നാണ് തിങ്കളാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിർദേശം വന്നത്. കഴിഞ്ഞ 24 ലെ ഹൈക്കോടതി ഉത്തരവിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ അസാധുവാക്കാത്ത സാഹചര്യത്തിൽ ഇരുവർക്കും തൽസ്ഥാനങ്ങളിൽ തുടരാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഇതിനാൽ സത്യപ്രതിജ്ഞാ വിഷയത്തിൽ പരാതിയുയർന്ന പന്നിയങ്കരയിൽ നിന്നുള്ള കോൺഗ്രസ് അംഗം പ്രസിഡന്റു മുന്പാകെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു. ഇതു പ്രകാരമാണ് സുനിൽ ഇന്നലെ രാവിലെ പ്രസിഡന്റ് സി. പ്രസാദിനു മുമ്പാകെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഇന്നലത്തെ അറിയിപ്പുപ്രകാരം സി. പ്രസാദിന് പ്രസിഡന്റായും ശശികല ടീച്ചർക്ക് വൈസ് പ്രസിഡന്റായും തുടരാൻ ഇനി തടസങ്ങളില്ല.