ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വിജയ്ക്കൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച രാവിലെ പത്തിന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ വിജയ് സത്യപ്രതിജ്ഞ ചെയ്യും.
നിയമന ഉത്തരവ് ഗവർണർ കൈമാറി. മേയ് 13ന് വിശ്വാസവോട്ട് നടത്താനും ഗവർണർ നിർദേശിച്ചു. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് രണ്ട് എംഎൽഎമാരുള്ള വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) പിന്തുണ നൽകിയതോടെയാണ് ടിവികെ 118 സീറ്റെന്ന കേവല ഭൂരിപക്ഷം നേടിയത്.
തെരഞ്ഞെടുപ്പിൽ108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളും ടിവികെയ്ക്ക് പിന്തുണ നൽകി.
നേരത്തെ, കേവല ഭൂരിപക്ഷത്തിനു വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം തവണയും ടിവികെ നേതാവ് വിജയിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചിരുന്നു. പിന്നാലെയാണ് വിസികെ പിന്തുണ നൽകിയത്.