Viral
മറ്റുള്ളവരുടെ വിശപ്പകറ്റാൻ വെയിലത്തും മഴയത്തും ഓടിനടക്കുന്ന ഒരു ഡെലിവറി പങ്കാളിയുടെ കണ്ണീരണിഞ്ഞ ദൃശ്യങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഒരു ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്ന സ്വിഗി ജീവനക്കാരൻ വികാരാധീനനാകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
സ്വിഗിയുടെ യൂണിഫോം ധരിച്ച അദ്ദേഹം വിങ്ങിപ്പൊട്ടിക്കൊണ്ട് തന്റെ ജീവിതസാഹചര്യങ്ങൾ വിവരിക്കുമ്പോൾ ചുറ്റുമുള്ളവർ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം.
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കുടിച്ച ഒരു കപ്പ് ചായയല്ലാതെ മറ്റൊന്നും അന്നേദിവസം തന്റെ വയറ്റിലെത്തിയിട്ടില്ലെന്ന സത്യം അദ്ദേഹം വെളിപ്പെടുത്തിയപ്പോഴാണ് ആ ദൃശ്യങ്ങൾ കൂടുതൽ വേദനാജനകമായത്.
തന്റെ മകനും മകളും അടങ്ങുന്ന കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ സ്വന്തം വിശപ്പിനെക്കുറിച്ച് ചിന്തിക്കാൻ പോലും അദ്ദേഹത്തിന് സമയം ലഭിച്ചിരുന്നില്ല.
മറ്റുള്ളവർക്ക് ഭക്ഷണം കൃത്യസമയത്ത് എത്തിച്ചു നൽകുന്ന തിരക്കിൽ സ്വന്തം ആരോഗ്യം പോലും മറന്നു ജോലി ചെയ്യുന്ന ഒരു പിതാവിന്റെ നിസഹായാവസ്ഥയാണ് അവിടെ നിഴലിച്ചത്.
അദ്ദേഹത്തിന്റെ അവസ്ഥ കണ്ട ഉപഭോക്താക്കൾ ഭക്ഷണം നൽകുക മാത്രമല്ല, വീട്ടിലേക്ക് കൊണ്ടുപോകാനായി അല്പം കരുതി വെക്കുകയും ചെയ്തു. ഈ വീഡിയോ വൈറലായതോടെ സൈബർ ലോകം രണ്ട് ചേരികളിലായി തിരിഞ്ഞിരിക്കുകയാണ്.
ഒരാളുടെ സ്വകാര്യമായ സങ്കടത്തെ ക്യാമറയിൽ പകർത്തി പരസ്യമാക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. സഹായം നൽകുന്നത് നല്ല കാര്യമാണെങ്കിലും അത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനുള്ള ഒരു ഉപാധിയായി മാറ്റുന്നത് മാന്യതയല്ലെന്ന് ഇവർ വാദിക്കുന്നു.
എന്നാൽ മറ്റൊരു വിഭാഗം ഇതിനെ കാണുന്നത് ഗിഗ് ഇക്കണോമിയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ ദുരിതപൂർണമായ ജീവിതം ലോകത്തിന് മുന്നിലെത്തിക്കാനുള്ള ഒരു മാർഗമായാണ്.
ഇത്തരം വീഡിയോകൾ കാണുമ്പോഴെങ്കിലും ഡെലിവറി ബോയ്സിനോട് മാന്യമായി പെരുമാറാൻ ആളുകൾ തയ്യാറാകുമെന്ന് ഇവർ കരുതുന്നു.
സ്ഥിരമായ ശമ്പളമോ കൃത്യമായ ജോലിസമയമോ ഇല്ലാതെ ഓർഡറുകളുടെ എണ്ണത്തിനനുസരിച്ച് വരുമാനം കണ്ടെത്തുന്ന ഡെലിവറി പങ്കാളികൾ നേരിടുന്ന വെല്ലുവിളികളിലേക്ക് ഈ സംഭവം ഒരിക്കൽ കൂടി വിരൽ ചൂണ്ടുന്നു.
ഓരോ നിമിഷവും റോഡിലൂടെ പാഞ്ഞുപോകുന്ന ഇത്തരം ആയിരക്കണക്കിന് ആളുകളുടെ പിന്നിൽ പറയാൻ ഒരുപാട് സങ്കടക്കഥകളുണ്ടെന്ന തിരിച്ചറിവാണ് ഈ കൊച്ചു വീഡിയോ നമുക്ക് നൽകുന്നത്.
Viral
10 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കുമെന്ന ആകർഷകമായ വാഗ്ദാനം മുൻനിര ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഔദ്യോഗികമായി പിൻവലിച്ചു.
ബ്ലിങ്കിറ്റ്, സെപ്റ്റോ, സൊമാറ്റോ, സ്വിഗി തുടങ്ങിയ കമ്പനികൾ തങ്ങളുടെ ബ്രാൻഡ് പരസ്യങ്ങളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ഈ സമയപരിധി നീക്കം ചെയ്യാൻ സമ്മതിച്ചു.
കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഈ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്.
ഉപഭോക്താക്കളുടെ സൗകര്യത്തേക്കാൾ ഡെലിവറി തൊഴിലാളികളുടെ ജീവനും സുരക്ഷയ്ക്കും പ്രാധാന്യം നൽകണമെന്ന സർക്കാരിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണിത്.
ഈ മാറ്റത്തിന് പിന്നിൽ ഗിഗ് തൊഴിലാളികൾ നേരിടുന്ന കഠിനമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകളുണ്ട്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ ഈ വിഷയം ശക്തമായി ഉന്നയിച്ചിരുന്നു.
വെറും 10 മിനിറ്റെന്ന ലക്ഷ്യം പൂർത്തിയാക്കാൻ തൊഴിലാളികൾക്ക് ട്രാഫിക് നിയമങ്ങൾ ലംഘിക്കേണ്ടി വരുന്നുവെന്നും ഇത് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ലക്ഷ്യങ്ങൾ മനുഷ്യത്വരഹിതമാണെന്നും തൊഴിലാളികളെ റോഡിലെ അപകടങ്ങളിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം വാദിച്ചു.
വാർത്തകളിലും സമൂഹമാധ്യമങ്ങളിലും ഈ വിഷയം സജീവമാക്കാൻ രാഘവ് ചദ്ദ സ്വീകരിച്ച വേറിട്ട പ്രതിഷേധം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സാധാരണ ഡെലിവറി ഏജന്റിന്റെ വേഷം ധരിച്ച് അദ്ദേഹം നേരിട്ട് നഗരവീഥികളിൽ സാധനങ്ങൾ വിതരണം ചെയ്യാനിറങ്ങി.
ഒരു ഗിഗ് തൊഴിലാളി ഓരോ ദിവസവും നേരിടുന്ന ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങൾ നേരിട്ട് അനുഭവിക്കാനാണ് അദ്ദേഹം ഈ വഴി തിരഞ്ഞെടുത്തത്.
ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട്, എയർ കണ്ടീഷൻ ചെയ്ത ബോർഡ് റൂമുകളിലിരുന്ന് എടുക്കുന്ന തീരുമാനങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു.
കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ ഉണ്ടായ ഈ തീരുമാനം ലക്ഷക്കണക്കിന് വരുന്ന ഡെലിവറി പങ്കാളികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സമയപരിധിയുടെ പേരിൽ കമ്പനികൾ നൽകുന്ന അനാവശ്യ സമ്മർദ്ദം കുറയുന്നതോടെ റോഡ് അപകടങ്ങൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെയർഹൗസുകളുടെ എണ്ണം കൂട്ടി വിതരണം വേഗത്തിലാക്കാമെന്ന കമ്പനികളുടെ വാദമുണ്ടായിരുന്നെങ്കിലും, ബ്രാൻഡിംഗിന്റെ ഭാഗമായുള്ള സമയസമ്മർദ്ദം ഒഴിവാക്കണമെന്ന നിലപാടിൽ മന്ത്രി ഉറച്ചുനിന്നു.
ഇന്ത്യയുടെ വളരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ തൊഴിലാളികളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന പുതിയ മാതൃകയ്ക്കാണ് ഇതിലൂടെ തുടക്കമിട്ടിരിക്കുന്നത്.
National
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഭക്ഷണ, സ്റ്റേഷനറി ഉത്പന്നങ്ങളുടെ വിതരണക്കാരായ ബ്ലിങ്കിറ്റ്, സെപ്റ്റോ, സൊമാറ്റോ എന്നിവര്‍ പത്ത് മിനിറ്റിനുള്ളില്‍ ഡെലിവറിയെന്ന അവരുടെ നയം പിന്‍വലിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം.
ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഡെലിവറി പങ്കാളികളുടെ (ഗിഗ് വര്‍ക്കേഴ്സ്) സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും, കര്‍ശനമായ സമയപരിധി വാഗ്ദാനങ്ങള്‍ പരസ്യങ്ങളിലും ബ്രാന്‍ഡിങ്ങിലും നിന്ന് നീക്കം ചെയ്യണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ബ്ലിങ്കിറ്റ് തങ്ങളുടെ പരസ്യവാചകം തന്നെ തിരുത്തി. മുമ്പ് '10,000ല്‍ അധികം ഉത്പന്നങ്ങള്‍ പത്ത് മിനിറ്റിനുള്ളില്‍ ഡെലിവര്‍ ചെയ്യുന്നു എന്നായിരുന്ന പരസ്യ വാചകം ഇപ്പോള്‍ '30,000ല്‍ അധികം ഉത്പന്നങ്ങള്‍ നിങ്ങളുടെ വാതില്ക്കല് എത്തിക്കുന്നു' എന്നാക്കി മാറ്റി. പത്ത് മിനിറ്റ് ഡെലിവറിയുമായി ബന്ധപ്പെട്ട പ്ലാറ്റ്ഫോമിലെ എല്ലാ പരാമര്‍ശങ്ങളും ബ്ലിങ്കിറ്റ് നീക്കം ചെയ്തു. സെപ്റ്റോ, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, സൊമാറ്റോ തുടങ്ങിയ ക്വിക്ക് കൊമേഴ്സ് കമ്പനികളും ഉടന്‍ ഇതേ രീതി പിന്തുടരുമെന്നാണ് സൂചന.
എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളും സമയാധിഷ്ഠിത വാഗ്ദാനങ്ങള്‍ ഉപേക്ഷിക്കുമെന്ന് സര്‍ക്കാരിനോട് ഉറപ്പ് നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട ശമ്പളം, സാമൂഹിക സുരക്ഷ, അപകടകരമായ സമയപരിധികള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഗിഗ് തൊഴിലാളികളുടെ ദീര്‍ഘകാലത്തെ സമരത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ശ്രദ്ധേയമായ ഇടപെടല്‍.
National
അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രത്തിന് ചുറ്റും 15 കിലോമീറ്റര്‍ പരിധിയില്‍ ജനുവരി ഒന്‍പത് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള മാംസാഹാര ഡെലിവറിയും പൂര്‍ണമായി നിരോധിച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള പഞ്ചകോശി പരിക്രമണ പാത ഉള്‍പ്പെടെയുള്ള 15 കിലോമീറ്റര്‍ ചുറ്റളവിലാണ് മാംസാഹരത്തിന് നിരോധനം.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സോമാറ്റോ, സ്വിഗി തുടങ്ങിയവ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ക്ഷേത്ര നഗരിയുടെ പവിത്രതയും സാത്വിക സ്വഭാവവും നിലനിര്‍ത്താനാണ് ലക്ഷ്യം.
ഹോട്ടലുകൾ, ഹോംസ്റ്റേകള്‍, റെസ്റ്റോറന്റുകള്‍, ഗസ്റ്റ്ഹൗസുകള്‍ എന്നിവയില്‍ അതിഥികള്‍ക്ക് നോൺ-വെജ് ഭക്ഷണവും മദ്യവും നല്‍കരുതെന്ന് കര്‍ശന മുന്നറിയിപ്പ് നല്കി. മുന്നറിയിപ്പ് പാലിക്കുന്നുണ്ടോയെന്ന് അയോധ്യ ഭരണകൂടം നിരീക്ഷിക്കുമെന്നും അസിസ്റ്റന്റ് ഫുഡ് കമ്മീഷണര്‍ മനിക് ചന്ദ്ര സിംഗ് പറഞ്ഞു.
National
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമുകളായ സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോണ്‍ ഉള്‍പ്പെടെയുളള പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അതേസമയം, കേരളത്തിൽ സമരം ഭാഗികമാണ്.
തെലുങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയന്, ഇന്ത്യന്‍ ഫെഡറേഷന് ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
കുറഞ്ഞ വേതനം പരിഹരിക്കണമെന്നും തൊഴില്‍ സുരക്ഷയും ആവശ്യപ്പെട്ടാണ് ഡെലിവറി തൊഴിലാളികളുടെ പ്രതിഷേധം. 10 മിനിറ്റിനുളളില്‍ ഡെലിവറി ഗ്യാരണ്ടി ചെയ്യുന്നത് നിര്‍ത്തലാക്കണമെന്നും ആവശ്യമുണ്ട്.
ഭക്ഷ്യവിതരണം, ക്വിക്ക് കൊമേഴ്സ്, ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലു ടനീളമുളള ഒരുലക്ഷത്തിലധികം ഡെലിവറി തൊഴിലാളികള്‍ പുതുവത്സരാഘോഷത്തില്‍ ആപ്പുകളില്‍നിന്നു ലോഗ് ഔട്ട് ചെയ്യുകയോ ജോലി ഗണ്യമായി കുറയ്ക്കുകയോ ചെയ്താണ് പണിമുടക്കുന്നതെന്നു യൂണിയന് നേതാക്കള്‍ അറിയിച്ചു. അതേസമയം, കേരളത്തിൽ പണിമുടക്ക് ഭാഗികമെന്നാണ് റിപ്പോർട്ട്.
Viral
ഇന്ത്യക്കാരുടെ ഓൺലൈൻ ഷോപ്പിംഗ് ശീലങ്ങളിൽ വന്ന അമ്പരപ്പിക്കുന്ന മാറ്റങ്ങൾ വെളിപ്പെടുത്തുന്നതാണ് ഇൻസ്റ്റാമാർട്ടിന്റെ 2025-ലെ വാർഷിക റിപ്പോർട്ട്.
ഈ വർഷം ബെംഗളൂരുവിലെ ഒരു ഉപഭോക്താവ് ഡെലിവറി പങ്കാളികൾക്ക് ടിപ്പായി മാത്രം നൽകിയത് 68,600 രൂപയാണ്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന തുകയാണിത്.
ചെന്നൈയിലും സമാനമായ രീതിയിൽ ഉപഭോക്താക്കൾ വലിയ തുകകൾ ടിപ്പായി നൽകി മാതൃകയായി. വെറും പലചരക്ക് സാധനങ്ങൾക്കപ്പുറം ആഡംബര വസ്തുക്കൾക്കും വലിയ വിപണിയുണ്ടെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ഉപഭോക്താക്കളുടെ പർച്ചേസുകളിലെ വൈവിധ്യവും തുകയുമാണ് റിപ്പോർട്ടിലെ മറ്റൊരു കൗതുകം. ഐഫോണുകൾ പോലുള്ള ആഡംബര ഉപകരണങ്ങൾ പോലും ഇപ്പോൾ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ആളുകൾ വാങ്ങുന്നുണ്ട്.
ഏകദേശം 4.3 ലക്ഷം രൂപയുടെ ഐഫോൺ ഒരൊറ്റ ഓർഡറിലൂടെ വാങ്ങിയ സാഹചര്യം ഇതിനുദാഹരണമാണ്. അതുപോലെ ചെന്നൈയിൽ നിന്നുള്ള ഒരു ഉപഭോക്താവ് ഒരു ലക്ഷം രൂപയിലധികം കോണ്ടം വാങ്ങാനായി മാത്രം ചെലവഴിച്ചതും കൗതുകകരമായ വസ്തുതയാണ്.
വളർത്തുമൃഗങ്ങളോടുള്ള സ്നേഹത്തിന്റെ കാര്യത്തിലും ചെന്നൈ മുൻപന്തിയിലുണ്ട്. ഒരാൾ തന്റെ വളർത്തുമൃഗങ്ങളുടെ ആഹാരത്തിനും പരിചരണത്തിനുമായി 2.41 ലക്ഷം രൂപയാണ് ഇൻസ്റ്റാമാർട്ട് വഴി ചെലവാക്കിയത്. സ്വർണ വിപണിയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
ധൻതേരസ് ദിനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ നാലിരട്ടി അധികം സ്വർണ ഓർഡറുകൾ ലഭിച്ചു എന്നത് സാധാരണക്കാരുടെ ഇടയിൽ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കുള്ള സ്വാധീനം വ്യക്തമാക്കുന്നു.