മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്വന്റി20യിൽ ത്രിപുരയെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തി കേരളം.
ത്രിപുരയെ വെറും 121 റണ്‍സിൽ ഒതുക്കിയ കേരളം 51 റണ്‍സ് നേടിയ സൽമാൻ നിസാറിന്റെ വെടിക്കെട്ട് അർധസെഞ്ചുറി ബലത്തിൽ അഞ്ച് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി.
കേരളത്തിനുവേണ്ടി ഓപ്പണറായി ഇറങ്ങി 22 പന്തിൽ 38 റണ്‍സ് എടുത്ത രോഹൻ കുന്നുമലും മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസണ് പുറത്താകാതെ രണ്ട് റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത ത്രിപുരയ്ക്ക് വേണ്ടി 32 പന്തിൽ 41 റണ്‍സെടുത്ത ശ്രീധം പോളാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ മണിശങ്കറും (31), ധൻവീർ സിംഗും (20) ചെറുത്തുനിന്നതോടെ സ്കോർ 121 റണ്‍സിൽ എത്തി. കേരളത്തിനായി മുഹമ്മദ് ആസിഫും കാർത്തിക് ബി. നായരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.