ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പര ഇന്ത്യൻ പുരുഷ സംഘം സ്വന്തമാക്കി.
രണ്ടാം മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റ് ജയം സ്വന്തമാക്കിയതോടെയാണിത്. ആദ്യമത്സരത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണ് ഇന്നലെ 22 പന്തിൽ നാലു ഫോറും ഏഴു സിക്സും അടക്കം 57 റണ്‍സ് നേടി.
സഞ്ജു-അഭിഷേക് ശർമ (19 പന്തിൽ 39) ഓപ്പണിംഗ് കൂട്ടുകെട്ടിൽ 88 റണ്‍സ് പിറന്നു. ഇഷാൻ കിഷൻ (23 പന്തിൽ 38 നോട്ടൗട്ട്), തിലക് വർമ (14 പന്തിൽ 15 നോട്ടൗട്ട്) എന്നിവർ പുറത്താകാതെനിന്നു. ഇന്ത്യയുടെ നിതീഷ് കുമാർ റെഡ്ഡിയാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 159/8. ഇന്ത്യ 14.5 ഓവറിൽ 163/3.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ അഫ്ഗാനിസ്ഥാന്റെ തുടക്കം വിക്കറ്റ് നഷ്ടത്തോടെയായിരുന്നു. ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ മൂന്നാം പന്തിൽ റഹ്മനുള്ള ഗുർബാസ് (0) പുറത്ത്. അർഷദീപ് സിംഗിന്റെ പന്തിൽ രവി ബിഷ്ണോയിയുടെ ക്യാച്ചിലൂടെയായിരുന്നു ഗുൽബാസ് പുറത്തായത്.
ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ തകർത്തടിച്ചതോടെ അഫ്ഗാനിസ്ഥാന്റെ സ്കോർ 50 കടന്നു. 33 പന്തിൽ 37 റൺസ് നേടിയ സദ്രാനെ, നിതീഷ് കുമാർ റെഡ്ഡി പുറത്താക്കി. പിന്നീട് അഫ്ഗാൻ തകർന്നടഞ്ഞു.
സെദിഖുള്ള അറ്റാലിനെ (15 പന്തിൽ 12) രവി ബിഷ്ണോയിയും ഗുൽബാദിൻ നയ്ബിനെ (8 പന്തിൽ 10) നിതീഷ് കുമാർ റെഡ്ഡിയും മടക്കിയതോടെ അഫ്ഗാനിസ്ഥാൻ 10.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 67. മുഹമ്മദ് നബി (14 പന്തിൽ 20), റഷീദ് ഖാൻ (16 പന്തിൽ 28) എന്നിവരുടെ ബാറ്റിംഗാണ് അഫ്ഗാന്റെ സ്കോർ 150 കടക്കാൻ സഹായകമായത്.
ഇന്ത്യക്കുവേണ്ടി നിതീഷ് കുമാർ റെഡ്ഡി മൂന്നും അർഷദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ, ബിഷ്ണോയ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് നേടി.