ആലപ്പുഴ: ആദ്യകാല ചലച്ചിത്ര ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പ് വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി നായർ (96) അന്തരിച്ചു. 1960ൽ ഉദയാ നിർമിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഉമ്മ എന്ന സിനിമയ്ക്കുവേണ്ടി ആദ്യമായി കാമറ ചലിപ്പിച്ചു.
ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റൽ ഉൾപ്പടെ എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. തിക്കുറിശി സുകുമാരൻ നായർ, എം.എം. നേശൻ, പി.ജെ.ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ.നാരായണൻ എന്നീ സംവിധായകരുടെ സിനിമകൾക്കുവേണ്ടിയും കാമറ ചലിപ്പിച്ചു.
1985ൽ ജോർജ് വെട്ടം സംവിധാനം ചെയ്ത മടക്കയാത്ര എന്ന സിനിമയ്ക്കു വേണ്ടിയാണ് അവസാനമായി കാമറമാനായത്. 1973 മുതൽ 1978 വരെയുള്ള കാലഘട്ടത്തിൽ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള കാമറാമാനായിരുന്നു കൃഷ്ണൻകുട്ടി. അമ്പതോളം നസീർ ചിത്രങ്ങൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു.
ഭാര്യ: ലളിതമ്മ. മക്കൾ: ഹരികൃഷ്ണൻ (ബിസിനസ്), ജയകൃഷ്ണൻ (റിട്ട. എക്സൈസ്), ജ്യോതികൃഷ്ണ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മരുമക്കൾ: മിനി, ലക്ഷ്മി, പരേതനായ വേണുഗോപാൽ.