ചെന്നൈ: തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ടിവികെയ്ക്ക് വൻ വിജയം. ധാരാപുരത്തും മധുരാന്തകത്തും വിജയക്കൊടി പാറിച്ച ടിവികെ അധികാരത്തിലെത്തി അഞ്ച് മാസം തികയുമ്പോഴുള്ള ആദ്യ അഗ്നിപരീക്ഷയിൽ കരുത്ത് തെളിയിച്ചു. ധാരാപുരത്ത് 9,471 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടിവികെ സ്ഥാനാർഥി സത്യഭാമ വിജയിച്ചത്.
മധുരാന്തകത്ത് മരഗതം കുമരവേൽ 19,000 വോട്ടുകളുടെ ഭൂരിപക്ഷവും സ്വന്തമാക്കി. രണ്ട് മണ്ഡലങ്ങളിലും അണ്ണാഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അണ്ണാഡിഎംകെ വിജയിച്ച ധാരാപുരത്ത് ഇത്തവണ തുടക്കത്തിൽ ടിവികെ സ്ഥാനാർഥി പിന്നിലായിരുന്നു.
എന്നാൽ അഞ്ചാം റൗണ്ടിൽ നേടിയ ലീഡ് കൈവിടാതെ സത്യഭാമ വിജയം ഉറപ്പിച്ചു. 37 ശതമാനം വോട്ടുവിഹിതം നേടിയാണ് സത്യഭാമ മണ്ഡലം പിടിച്ചെടുത്തത്. ഏപ്രിലിൽ 81,000 വോട്ടുകൾ നേടിയ അണ്ണാഡിഎംകെയുടെ വോട്ടുനില 44,000ത്തിലേക്ക് താഴ്ന്നതും ശ്രദ്ധേയമായി. രാജിവെച്ച അണ്ണാഡിഎംകെ എംഎൽഎമാർക്ക് ടിക്കറ്റ് നൽകിയ ടിവികെയുടെ തന്ത്രത്തിന് വോട്ടർമാർ പിന്തുണ നൽകിയെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
മധുരാന്തകത്ത് ഓരോ റൗണ്ടിലും ലീഡ് വർധിപ്പിച്ച മരഗതം കുമരവേൽ 19,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. സഖ്യകക്ഷികളുടെ പിന്തുണ നഷ്ടപ്പെട്ട് മത്സരത്തിനിറങ്ങിയ ഡിഎംകെ രണ്ട് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്തി. ഒറ്റയ്ക്ക് മത്സരിച്ച സിപിഎമ്മിനും സിപിഐക്കും ഒരു ശതമാനം വോട്ടുപോലും നേടാനായില്ല. പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമി ഒഴിഞ്ഞ തട്ടാൻചാവടി മണ്ഡലം ആശോക് ആനന്ദിലൂടെ എൻഡിഎ നിലനിർത്തി.