പയ്യന്നൂര്‍: ആന്ധ്രാപ്രദേശിലെ കാക്കിനഡയില്‍ നടന്ന 21-ാമത് സൗത്ത് ആന്‍ഡ് വെസ്റ്റ് ഇന്ത്യ തയ്ക്വണ്ടോ ഐടിഎഫ് ചാമ്പ്യന്‍ഷിപ്പില്‍ അഭിമാനമായി പയ്യന്നൂരിന്റെ കൊച്ചുതാരങ്ങള്‍. ദ്രോണ ബാഡ്മിന്റണ്‍ അക്കാഡമിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മഹാദേവ ഗ്രാമം സ്വദേശികളും സഹോദരങ്ങളുമായ ആർ. കൃഷ്ണയും ആര്. വൈഷ്ണയുമാണ് നാല് സ്വര്‍ണമുള്‍പ്പെടെ നിരവധി മെഡലുകള്‍ സ്വന്തമാക്കി ശ്രദ്ധേയരായത്.
വ്യക്തിഗത പാറ്റേണ്‍ ഇനത്തില്‍ സ്വര്‍ണവും ഗ്രൂപ്പ് സ്പാറിംഗില്‍ വെള്ളിയും വ്യക്തിഗത സ്പാറിംഗില്‍ വെങ്കലവും കൂടാതെ ആദ്യമായി നടന്ന സൗത്ത് ആൻഡ് വെസ്റ്റ് ഇല്‍ദോ ചാമ്പ്യന്‍ഷിപ്പിലെ വ്യക്തിഗത പാറ്റേണില്‍ സ്വര്‍ണവും നേടി ആർ. കൃഷ്ണ ചാമ്പ്യന്‍ഷിപ്പിലെ താരമായി. സഹോദരി ആര്. വൈഷ്ണ വ്യക്തിഗത സ്പാറിംഗില്‍ വെള്ളിയും പാറ്റേണില്‍
വെങ്കലവും ഇല്‍ദോ പാറ്റേണില്‍ വെള്ളിയും കരസ്ഥമാക്കി.
പെരിങ്ങോം പൊലിസ് സ്റ്റേഷനിലെ എഎസ്ഐ സി.കെ. രമേശിന്റെയും തയ്ക്വണ്ടോ പരിശീലക രമ്യ ബാലയുടെയും മക്കളാണ് ഇരുവരും. മൂരിക്കൊവ്വല്‍ മാസ്റ്റേഴ്സ് തയ്ക്വണ്ടോ അക്കാഡമിയിലെ ഡോ. വേണുഗോപാല്‍ കൈപ്രത്തിന് കീഴിലാണ് പരിശീലനം.