കൊച്ചി: മുമ്പ് 240 കിലോമീറ്റര് വേഗത്തില് വാഹനം ഓടിച്ച സംഭവത്തില് നടപടിയെടുത്തിരുന്നെങ്കില് ഇതേ ചെറുപ്പക്കാരന് നെടുമ്പാശേരിയിലുണ്ടാക്കിയ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടം ഒഴിവാക്കാനാകുമായിരുന്നില്ലേയെന്ന് ഹൈക്കോടതി.
അമിതവേഗത്തില് പോകുന്ന വാഹനങ്ങളെ കണ്ടെത്തിയാലും ഉടനടി നടപടി സ്വീകരിക്കാനുള്ള സംവിധാനമെന്തെങ്കിലും നിലവിലുണ്ടോ? കാമറകൊണ്ടു മാത്രമായില്ല. അതില് റിപ്പോര്ട്ട് ചെയ്യുന്ന നിയമലംഘനങ്ങള്ക്കെതിരേ ഉടനടി നടപടിയെടുക്കാനും കുറ്റകൃത്യങ്ങള് കൃത്യമായി റിപ്പോര്ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കഴിയണമെന്നും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിർദേശിച്ചു.
അമിതവേഗം കണ്ടെത്തി റിപ്പോര്ട്ട് ചെയ്ത എത്ര കേസുകളുണ്ടെന്ന് അറിയിക്കാന് സര്ക്കാരിനടക്കം നിര്ദേശം നല്കിയ കോടതി അടുത്ത തവണ കേസെടുക്കുമ്പോള് ഗതാഗത കമീഷണര് ഓണ്ലൈന് മുഖേന ഹാജരാകാനും നിര്ദേശിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹര്ജികള് പരിഗണിക്കവേയാണ് നെടുമ്പാശേരി സംഭവവും കോടതി പരാമര്ശിച്ചത്.
രാത്രി 12 കഴിഞ്ഞാല് സൂപ്പര് കാറുമായി ചെറുപ്പക്കാര് കൊച്ചി നഗരത്തിലടക്കം റോഡുകളിലൂടെ പായുകയാണ്. ഇതൊന്നും നിയന്ത്രിക്കാന് നിലവിലെ സംവിധാനത്തിനാകുന്നില്ല. ഒന്നിലേറെ ബാറുകളില്നിന്ന് മദ്യം കഴിച്ചിറങ്ങിയ 18കാരനാണ് നെടുമ്പാശേരിയില് അപകടമുണ്ടാക്കിയത്. എന്നാല്, 23ല് താഴെ പ്രായമുള്ളവര്ക്ക് മദ്യം കൊടുക്കരുതെന്നാണു നിയമം.
തമിഴ്നാട്ടിലെ റോഡുകളില് കൃത്യമായി ലൈന് മാര്ക്കിംഗ് ഉണ്ട്. എന്നാല്, ഇവിടെ മൂന്നാര് പാതയില് മാത്രമാണു ലൈന് മാര്ക്കിംഗ് കണ്ടത്. സ്വകാര്യ ബസുകള്ക്കടക്കം ലൈന് തെറ്റിച്ച് ഓടിക്കാന് അനുമതിയില്ല. വാഹനാപകടത്തില് ഉറ്റവര് മരിക്കുമ്പോഴേ ഇതിന്റെ വേദന അറിയൂ.
റോഡരികില് തടസമായി നില്ക്കുന്ന ട്രാന്സ്ഫോമറുകള് മാറ്റണമെന്നും ഹൈവേയില് വാഹനങ്ങള് പാര്ക്ക് ചെയ്യാന് അനുവദിക്കരുതെന്നും കോടതി നിര്ദേശിച്ചു.