വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനും അമേരിക്കയും വീണ്ടും ചർച്ചാമേശയിലേക്ക്.
രണ്ടാംവട്ട ചർച്ച വൈകാതെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദിൽ നടന്നേക്കുമെന്നാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ നടക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായില്ല. ഇറാനും അമേരിക്കയ്ക്കും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാനുമായി ഇറേനിയൻ നേതൃത്വം സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും അടുത്ത ചർച്ചയ്ക്കു തീരുമാനമായി എന്നതിനെക്കുറിച്ച് വിവരമില്ലെന്നാണ് ഇറേനിയൻ സർക്കാർ മാധ്യമമായ ഇർന റിപ്പോർട്ട് ചെയ്തത്.
ഇതിനിടെ, ഇറാൻ -യുഎസ് ചർച്ച രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇന്നലെ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉണ്ടാക്കാനായി ഇറാൻ ബന്ധപ്പെടുന്നതായി അദ്ദേഹം നേരത്തേ അവകാശപ്പെട്ടിരുന്നു.
ഇറാന്റെ പക്കലുള്ള സന്പുഷ്ട യുറേനിയം നീക്കം ചെയ്യണമെന്നതിലും ഇറാൻ അണ്വായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കാനായി ഒരു സംവിധാനം സ്ഥാപിക്കണം എന്നതിലും ട്രംപ് ഉറച്ച തീരുമാനം എടുത്തതായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പറഞ്ഞു. ഇസ്ലാമബാദിലെ ആദ്യചർച്ചയിൽ അമേരിക്കയെ നയിച്ചത് ജെ.ഡി. വാൻസ് ആയിരുന്നു.
കഴിഞ്ഞയാഴ്ച ഇസ്ലാമാബാദിൽ നടന്ന ആദ്യ ഇറാൻ-അമേരിക്ക ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്ന് അമേരിക്ക ഇറാന് നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടയിലും നയതന്ത്രശ്രമങ്ങൾ ഊർജിതമായി തുടരുന്നു എന്ന സൂചനയാണ് വീണ്ടും ചർച്ചയെന്ന വാർത്തയിൽനിന്നു ലഭിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇന്നലെ കുറയാനുള്ള കാരണവും ഇതാണ്.
അമേരിക്കയുടെ നാവിക ഉപരോധം ആഗോള ഊർജസുരക്ഷയെ ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.ഉപരോധത്തിൽ പങ്കാളിയാകില്ലെന്ന് ബ്രിട്ടനും ഫ്രാൻസും അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ മറ്റു മാർഗങ്ങൾ തേടണമെന്നും ഇരു രാജ്യങ്ങളും നിർദേശിച്ചു.