ചിറ്റൂർ: താമരക്കുളത്തു പാലംനിർമാണ സ്ഥലത്ത് ഗതാഗതത്തിനു വയലിൽ ഏർപ്പെടുത്തിയ ബദൽ വഴിയിൽ മഴവെള്ളക്കെട്ട്. പാടത്തെ ചെളിക്കുളമായ ബദൽറോഡിലൂടെ വാഹനയാത്രികരുടെ അപകടയാത്ര. പകലും രാത്രിയും ഒരുപോലെ പലരും ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്.
ബസ് അടക്കമുള്ള വാഹനങ്ങൾ യാതൊരു സുരക്ഷയുമില്ലാതെയാണ് പാടത്തൊരുക്കിയ ബദൽപാതയിലൂടെ യാത്ര തുടരുന്നത്. വേനൽക്കാലത്ത് പാലംനിർമാണത്തിനു ഏറെ സമയമുണ്ടായിട്ടും പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് ഗുരുതരമായ ഗതാഗത പ്രശ്നത്തിനു വഴിയൊരുക്കിയതെന്നു യാത്രികർ പറയുന്നു.
പാലംപണി മന്ദഗതിയിലായതിനാൽ വിദ്യാർഥികളടക്കമുള്ളവർ മറുവഴികളിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നുണ്ട്.