കോട്ടയം: റബര്‍ ടാപ്പിംഗിലെ പരമ്പരാഗത സമയക്രമത്തില്‍ മാറ്റം വരുത്തുന്നത് കൂടുതല്‍ റബര്‍ പാല് ലഭിക്കുന്നതിനും ടാപ്പര്‍മാരുടെ വരുമാനം ഉയര്‍ത്തുന്നതിനും സഹായകരമാകുമെന്ന് റബര്‍ ബോര്‍ഡ് ഗവേഷണ വിഭാഗം. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 8.30 വരെ നടത്തുന്ന ടാപ്പിംഗ് കൂടുതല്‍ ഫലപ്രദമാണെന്ന് റബര്‍ ബോര്‍ഡ് ഗവേഷണ വിഭാഗം ശാസ്ത്രജ്ഞന് എം.ജെ. റെജു ടാപ്പര്‍മാരുടെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ വിശദീകരിച്ചു.
പകല്‍ സമയത്തെ പരമ്പരാഗത ടാപ്പിംഗിന് പകരം വൈകുന്നേരം ടാപ്പിംഗ് നടത്തുന്നതിലൂടെ മരങ്ങളില്‍നിന്ന് ലഭിക്കുന്ന റബര്‍പാലിന്റെ അളവ് വര്‍ധിക്കുമെന്നാണ് ഇതുവരെയുള്ള ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബോര്‍ഡ് നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍. ഉത്പാദനവര്‍ധന എന്നതിലുപരി ടാപ്പര്‍മാരുടെ തൊഴില്‍സാധ്യതകളും വരുമാനവും മെച്ചപ്പെടുത്താന്‍ കഴിയുന്ന മാതൃക എന്ന നിലയിലും വൈകുന്നേര ടാപ്പിംഗ് പരിഗണിക്കാമെന്നാണു വിലയിരുത്തല്‍.
വൈകുന്നേര ടാപ്പിംഗ് പ്രാവര്‍ത്തികമായാല്‍ ടാപ്പര്‍മാര്‍ക്ക് പകല്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടാനും സാധിക്കും. നിലവില്‍ ടാപ്പിംഗ് ജോലിയുടെ സമയക്രമം മൂലം മറ്റു തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യമൊഴിവാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണു പ്രതീക്ഷ. അതുവഴി ടാപ്പിംഗ് തൊഴിലിനെ മാത്രം ആശ്രയിക്കാതെ ഒരേ ദിവസം ഒന്നിലധികം തൊഴില്‍ മേഖലകളില്‍നിന്നു വരുമാനം കണ്ടെത്താനുള്ള സാധ്യത തുറക്കും.
ടാപ്പര്‍മാരുടെ സുരക്ഷയുടെ കാര്യത്തില്‍ സമയമാറ്റത്തിന് പ്രാധാന്യമുണ്ടെന്ന് വിലയിരുത്തിയ യോഗം, വിവിധ പ്രദേശങ്ങളിലെ വന്യജീവി സാന്നിധ്യം വ്യത്യസ്തമായതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം രീതികള്‍ വ്യാപകമാക്കാവൂ എന്നു നിര്‍ദേശിച്ചു.
കേരളത്തിലെ റബര്‍ ടാപ്പിംഗ് മേഖല നേരിടുന്ന തൊഴിലാളിക്ഷാമത്തിന്റെയും പുതുതലമുറയുടെ അകല്ച്ചയുടെയും പശ്ചാത്തലത്തിലാണ് ഗവേഷണഫലം ശ്രദ്ധേയമാകുന്നത്.
ടാപ്പര്‍മാരുടെ തൊഴില്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും പുതുതലമുറയെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സാങ്കേതികവിദ്യകളും രീതികളും ടാപ്പര്മാരിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയും വിഷയമായി.