എഡിൻബറൊ കോട്ടമുറ്റത്ത് സ്കോട്ടിഷ് പാരമ്പര്യത്തെയും സിഖ് സംസ്കാരത്തെയും ഒരുമിപ്പിച്ചു നിർത്തി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥനായ സുഖ്വിന്ദർ ‘സുകി’ സിങ് സുംഗർ.
റോയൽ എഡിൻബറൊ മിലിട്ടറി ടാറ്റൂ എന്ന പ്രശസ്തമായ ആഗോള സൈനിക കലാമേളയിൽ വാൻകൂവർ പൊലീസ് പൈപ്പ് ബാൻഡിനെ നയിച്ചാണ് വാൻകൂവർ പൊലീസ് ഡിപ്പാർട്ട്മെന്റിലെ കോൺസ്റ്റബിളായ സുഖ്വിന്ദർ ആഗോളശ്രദ്ധ നേടിയത്.
ഈ ചരിത്രപ്രസിദ്ധമായ വേദിയിൽ പരമ്പരാഗത തലപ്പാവ് ധരിച്ച് ഒരു ബാൻഡിനെ നയിക്കുന്ന ആദ്യ സിഖ് ഡ്രം മേജർ എന്ന അപൂർവ്വ നേട്ടവും ഇതോടെ അദ്ദേഹത്തിന് സ്വന്തമായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മിലിട്ടറി ബാൻഡുകളും സാംസ്കാരിക കലാകാരന്മാരും അണിനിരന്ന മേളയിൽ കാനഡയുടെ സാന്നിധ്യം വേറിട്ടതായിരുന്നു. വാൻകൂവർ ബാൻഡിന്റെ നാലാമത്തെ പങ്കാളിത്തമായിരുന്നെങ്കിലും സുഖ്വിന്ദറിന് ഇത് ആദ്യ എഡിൻബറൊ അനുഭവമായിരുന്നു.
പരമ്പരാഗത സ്കോട്ടിഷ് വസ്ത്രധാരണ രീതിയായ ടാർട്ടൻ കിൽറ്റിനൊപ്പം സാധാരണയായി ഉപയോഗിക്കുന്ന ഹെയർ ബോണറ്റിന് പകരം സിഖ് ആചാരപ്രകാരമുള്ള തലപ്പാവ് അണിഞ്ഞാണ് അദ്ദേഹം ബാൻഡിന് മുന്നിൽ നടന്നത്. സംസ്കാരങ്ങളുടെ ഈ അപൂർവ്വ സമന്വയം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് മൂന്ന് വർഷത്തെ കാലാവധിയിലേക്ക് സുഖ്വിന്ദർ ബാൻഡിന്റെ ഡ്രം മേജറായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പ്രകടനത്തെയും ഗാംഭീര്യമാർന്ന സാന്നിധ്യത്തെയും പ്രശംസിച്ച് നിരവധി ആളുകളാണ് ഓൺലൈനിൽ രംഗത്തെത്തിയത്.
കാനഡയ്ക്കും ആഗോള സിഖ് സമൂഹത്തിനും ഒരേപോലെ അഭിമാനം നൽകുന്ന ഈ വേറിട്ട കാഴ്ച മേളയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറി.