മുംബൈ: 27,500 ഡോളറിലധികം മൂല്യമുള്ള ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സിന്റെ പുതിയ ചെയർമാനെ കണ്ടെത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്.
നിലവിലെ ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ കാലാവധി 2027 ഫെബ്രുവരിയിൽ അവസാനിക്കാനിരിക്കെ, പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയിൽ മൂന്നു പ്രമുഖർ ഇടംനേടിയതായി റിപ്പോർട്ടുണ്ട്.
ടാറ്റാ സ്റ്റീൽ സിഇഒയും എംഡിയുമായ ടി.വി. നരേന്ദ്രൻ, ടാറ്റാ സൺസ് ഗ്രൂപ്പ് സിഎഫ്ഒ സൗരഭ് അഗർവാൾ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡിയും സിഇഒയുമായ ആശിഷ് ചൗഹാൻ എന്നിവരാണ് സാധ്യതാപട്ടികയിലുള്ളത്.
1988 മുതൽ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ടി.വി. നരേന്ദ്രനാണ് മുൻതൂക്കം.കഴിഞ്ഞ പത്തു വർഷത്തിലധികമായി ടാറ്റാ സ്റ്റീലിനെ വിജയകരമായി നയിക്കുന്ന അദ്ദേഹത്തിന് വ്യവസായരംഗത്തു വലിയ പരിചയസമ്പത്തുണ്ട്.
2017ൽ ടാറ്റാ സൺസ് ചെയർമാനായി ചുമതലയേറ്റ എൻ. ചന്ദ്രശേഖരൻ തന്റെ രണ്ടാമൂഴം പൂർത്തിയാക്കി 2027 ഫെബ്രുവരി 20ഓടെ സ്ഥാനം ഒഴിയുമെന്ന് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.
ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ഉൾപ്പെടുന്ന പാനലാണ് പുതിയ ചെയർമാനെ തീരുമാനിക്കുന്നത്. എയർ ഇന്ത്യയുടെ വിപുലീകരണം, സെമികണ്ടക്ടർ നിർമാണം, ടിസിഎസ് ടെക്നോളജി മാറ്റങ്ങൾ തുടങ്ങി വൻകിട പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകേണ്ട വലിയ ഉത്തരവാദിത്വമായിരിക്കും പുതിയ ചെയർമാനെ കാത്തിരിക്കുന്നത്.