ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കും 36 ദിവസം നീണ്ടു നിന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ വിജയത്തിനും പിന്നാലെ ഡൽഹിയിൽ മറ്റൊരു പ്രതിഷേധത്തിന് വഴിതുറക്കുന്നു.
കേന്ദ്ര സർക്കാരിന്റെ ഇ20 നയത്തിനെതിരേ ഡൽഹി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് ആൻഡ് ടൂർ ഓപറേഷൻ അസോസിയേഷനാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഓഗസ്റ്റ് നാലിന് പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് സംഘടനയുടെ തീരുമാനം.
ഇതോടൊപ്പം സമൂഹ മാധ്യമങ്ങളിലും ഇ20 നയത്തിനെതിരായ പ്രചാരണം ആരംഭിച്ചു. ഇ20 ജനത പാർട്ടി എന്ന പേരിൽ സമൂഹ മാധ്യമങ്ങളായ എക്സിലും ഇൻസ്റ്റഗ്രാമിലും പേജുകൾ പ്രത്യക്ഷപ്പെട്ടു.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയം പിൻവലിക്കുക എന്ന ആവശ്യമാണ് സമൂഹ മാധ്യമ പേജുകളിലൂടെ ഉയരുന്നത്. അതേസമയം സിജെപിക്ക് ആദ്യം ലഭിച്ച പിന്തുണ ഇ20 ജനത പാർട്ടി്ക്ക് സമൂഹ മാധ്യമത്തിൽ ലഭിച്ചു തുടങ്ങിയിട്ടില്ല. ഇൻസ്റ്റഗ്രാമിലും എക്സിലുമായി അറുപത്തിനായിരത്തോളം ഫോളേവേഴ്സാണ് പേജിനുള്ളത്.
ഇ20 ഇന്ധനം ഉപയോഗിക്കാൻ ആരംഭിച്ചതുമുതൽ വാഹനങ്ങളുടെ മൈലേജ് കുറയുകയും എൻജിൻ അറ്റകുറ്റപ്പണി ചെലവുകൾ വർധിക്കുകയും ചെയ്യുന്നതായി രാജ്യത്തുടനീളമുള്ള വാഹന ഉടമകളും ഡ്രൈവർമാരും പരാതിയുമായി രംഗത്തുണ്ട്.
2015ന് മുമ്പ് നിർമിച്ച വാഹനങ്ങൾ ഇത്തരത്തിലുള്ള ഇന്ധനത്തിന് അനുയോജ്യമല്ലെന്നും പുതിയ മോഡൽ വാഹനങ്ങൾക്ക് മാത്രമാണ് ഇത് അനുയോജ്യമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. പെട്രോളിന് ഉയർന്ന വില ഈടാക്കുമ്പോൾ എന്തിന് മായം കലർത്തിയ ഇന്ധനം നൽകുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്.
വാഹന ഉടമകൾ, ഉപഭോക്താക്കൾ, ഗതാഗത ഓപ്പറേറ്റർമാർ, വാഹന നിർമാതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി എഥനോൾ നയത്തെ സംബന്ധിച്ച് സ്വതന്ത്രമായ ശാസ്ത്രീയ അവലോകനം നടത്തണമെന്നാണ് ഡൽഹി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് ആൻഡ് ടൂർ ഓപ്പറേഷൻ അസോസിയേഷന്റെ ആവശ്യം.
എന്നാൽ, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എഥനോൾ നയത്തെ നിരന്തരം ന്യായീകരിച്ചു രംഗത്തുണ്ട്. ശുദ്ധമായ പെട്രോളിന് വില കൂടുതലായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ, മന്ത്രിയുടെ മകന് എഥനോൾ ഉത്പാദനവുമായി ബന്ധമുള്ളതുകൊണ്ടാണ് സർക്കാർ ഈ നയത്തെ പിന്തണയ്ക്കുന്നതെന്ന ആരോപണങ്ങളും ശക്തമാണ്.