മുണ്ടക്കയം: ജൈവ, അജൈവ മാലിന്യങ്ങൾ തള്ളാനുള്ള നിക്ഷേപകേന്ദ്രമായി വണ്ടൻപതാൽ തേക്കിൻകൂപ്പ് മാറുന്നു. മുണ്ടക്കയം - കോരുത്തോട് റോഡിൽ വണ്ടൻപതാൽ വനംവകുപ്പ് ഓഫിസ് മുതൽ പഴയ പനക്കച്ചിറ പാലം വരെയുള്ള വനമേഖലയിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിച്ചാണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.
വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും ജൈവ, അജൈവ മാലിന്യങ്ങൾക്കു പുറമേ ഉപയോഗശൂന്യമായ വീട്ടുപകരണങ്ങൾ, തട്ടുകടകളിലെ ഡിസ്പോസിബിൾ വസ്തുക്കൾ, കേറ്ററിംഗ് യൂണിറ്റുകളിൽനിന്നുള്ള പ്ലേറ്റുകൾ, ഗ്ലാസുകൾ തുടങ്ങിയവയും വനമേഖലയിൽ തള്ളുന്നുണ്ട്. വൻതോതിൽ മാലിന്യം കുമിഞ്ഞുകൂടുന്നത് പരിസ്ഥിതിക്കും വന്യജീവികൾക്കും ഒരുപോലെ ഭീഷണിയാകുകയാണ്.
മാലിന്യങ്ങൾ ഭക്ഷിക്കാനായി കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ രാത്രികാലങ്ങളിൽ റോഡിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ എത്തുന്നതും പതിവായിട്ടുണ്ട്. ഇതോടെ ഇതുവഴിയുള്ള വാഹനയാത്രയും അപകടഭീഷണിയിലായി. കഴിഞ്ഞ വർഷം ഇതിനു സമീപം റോഡ് മുറിച്ചുകടന്ന കാട്ടുപോത്ത് വാഹനമിടിച്ച് ചത്തിരുന്നു. മുമ്പും മേഖലയിൽ കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്. കാട്ടുപന്നികൾ ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടി അപകടമുണ്ടാക്കിയ സംഭവങ്ങളും നിരവധിയാണ്.
വനവിസ്തൃതി വർധിപ്പിക്കാനും വന്യമൃഗങ്ങളെ സംരക്ഷിക്കാനും നടപടികൾ സ്വീകരിക്കുന്ന വനംവകുപ്പ് സ്വന്തം ഓഫിസിനു സമീപം ഉൾപ്പടെ വനമേഖലയിൽ വ്യാപകമായി മാലിന്യം തള്ളുന്നത് തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. മാലിന്യനിക്ഷേപം തടയാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാണ്.
വനമേഖലയിൽ വേലി സ്ഥാപിക്കുക, നിരീക്ഷണ കാമറകൾ സ്ഥാപിക്കുക, രാത്രികാല പരിശോധന ശക്തമാക്കുക തുടങ്ങിയ നടപടികളിലൂടെ അനധികൃത മാലിന്യനിക്ഷേപം തടയാനും കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനും കഴിയുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വനമേഖല വലിയ മാലിന്യക്കൂമ്പാരമായി മാറുന്നതിനൊപ്പം വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്കും കൂടുതൽ ഭീഷണിയാകുമെന്നാണ് ആശങ്ക.