ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ തെഹൽക്ക മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിന് സുപ്രീംകോടതിയിൽനിന്നു തിരിച്ചടി.
ശിക്ഷാവിധിക്കെതിരേയുള്ള അപ്പീലിൽ വാദം കേൾക്കുന്നതിനായി രണ്ടാഴ്ചയ്ക്കകം വിചാരണക്കോടതിയിൽ കീഴടങ്ങാനും സെപ്റ്റംബർ 22ന് മുമ്പായി കീഴടങ്ങിയതിന്റെ സാക്ഷ്യപത്രം ഹാജരാക്കാനും ജസ്റ്റീസ് അലോക് അരാധെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ബോംബെ ഹൈക്കോടതി തേജ്പാലിന് അനുവദിച്ച നാലാഴ്ചത്തെ സമയം നിലവിലുണ്ടെന്നും കീഴടങ്ങാതെതന്നെ അപ്പീൽ പരിഗണിക്കണമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചെങ്കിലും ആവശ്യം സുപ്രീംകോടതി തള്ളി.
തേജ്പാലിനെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കി പത്തു വർഷത്തെ കഠിനതടവിനു ശിക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണ് അദ്ദേഹം സുപ്രീ കോടതിയെ സമീപിച്ചത്.