നെല്ലിയാമ്പതി: തണുത്ത കാലാവസ്ഥയ്ക്കും കോടമഞ്ഞിനും പേരുകേട്ട നെല്ലിയാമ്പതിയിൽ പകൽചൂട് വർധിച്ചതോടെ ശീതകാല പച്ചക്കറിക്കൃഷി പ്രതിസന്ധിയിൽ.
മഴയുടെ ലഭ്യത കുറഞ്ഞതും പകൽ താപനില അസാധാരണമായി ഉയർന്നതുമാണ് ഗവ. ഓറഞ്ച് ഫാമിലെ പച്ചക്കറിക്കൃഷിയെ പ്രതികൂലമായി ബാധിക്കുന്നത്. സാധാരണയായി 20- 22 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെടുന്ന നെല്ലിയാമ്പതിയിൽ ഇപ്പോൾ പകൽ താപനില 30- 31 ഡിഗ്രി വരെ ഉയരുന്നുണ്ട്.
ശീതകാലത്ത് മികച്ച രീതിയിൽ വളരുന്ന പച്ചക്കറികൾക്ക് ഉയർന്ന താപനില അനുയോജ്യമല്ലാത്തതിനാൽ ചെടികളുടെ വളർച്ച മുരടിക്കുകയും പുതിയ നാമ്പുകളുണ്ടാകുന്നത് കുറയുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഉത്പാദനത്തിലും കാര്യമായ കുറവുണ്ടാകുമെന്ന ആശങ്കയിലാണ് അധികൃതർ.
ഗവ. ഓറഞ്ച് ഫാമിൽ പ്രധാനമായും കാബേജ്, ബ്രോക്കോളി, ബീറ്റ്റൂട്ട്, മുള്ളങ്കി, കാരറ്റ് തുടങ്ങിയ ശീതകാല പച്ചക്കറികളാണ് കൃഷിയിറക്കിയിട്ടുള്ളത്. താപനിലയിലെ വർധന ഇവയുടെ വളർച്ചയെ നേരിട്ട് ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇനിയും പകൽ താപനില ഉയരുകയാണെങ്കിൽ ശീതകാല പച്ചക്കറിക്കൃഷി തുടരുന്നതുതന്നെ പ്രയാസകരമാകുമെന്ന് ഫാം അധികൃതർ പറഞ്ഞു. മഴയുടെ ലഭ്യതക്കുറവും കൃഷിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
ഒരു ദിവസം മഴ ലഭിച്ചാൽ പിന്നീട് ദിവസങ്ങളോളം മഴയില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതോടെ മണ്ണിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്താൻ കഴിയാത്തതും കൃഷിപരിപാലനത്തെ ബാധിക്കുന്നുണ്ട്.
മണ്ണിൽ ആവശ്യത്തിന് ഈർപ്പമില്ലാത്തതിനാൽ കൃത്യമായ ഇടവേളകളിൽ വളപ്രയോഗം നടത്താനും കഴിയാത്ത സ്ഥിതിയാണ്. പച്ചക്കറികൾക്ക് പുറമെ ഫാമിലെ ഫലവിളകളെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടുണ്ട്.
പാഷൻ ഫ്രൂട്ട്, പേരയ്ക്ക, ഓറഞ്ച് തുടങ്ങിയവയുടെ വിളവെടുപ്പിലും കാലാവസ്ഥയിലെ മാറ്റം പ്രതിഫലിക്കുന്നതായി ഫാം സൂപ്രണ്ട് പി. സാജിദലി പറഞ്ഞു.